തിരുവനന്തപുരം: തന്റെ യാത്രകള്‍ക്ക് വാഹനങ്ങളുടെ നീണ്ടനിര ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയില്‍ നിന്നുള്ള സതീശന്റെ മാറ്റം.
മുഖ്യമന്ത്രിക്ക് നല്‍കി വരുന്ന അധിക സുരക്ഷയുടെ ആവശ്യമില്ലെന്നും പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെയുള്ള മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്നും അദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കര്‍ശന നിര്‍ദേശമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ വി.ഡി സതീശന്‍ നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് വി.ഡി സതീശന്‍ നടത്തിയ യാത്രകളില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതുമുലം പലയിടങ്ങളിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു നിര്‍ദേശം നിയുക്ത മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കിയിരുന്നത്. ജീവന് ഭീഷണിയുള്ള സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷ നല്‍കിയത്. കമാന്‍ഡോകളെ കൂടാതെ മുപ്പത് മുതല്‍ നാല്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ഉണ്ടായിരുന്ന വന്‍ വാഹന വ്യൂഹമായിരുന്നു പിണറായിക്കൊപ്പം ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി പോകുന്ന റോഡിലേക്കുള്ള ഇട റോഡുകള്‍ അടയ്ക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ ഗതാഗത നിരോധനം, പാര്‍ക്കിങ് വിലക്ക് തുടങ്ങിയവയും പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു.