വി. മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ്; കോര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം

വി. മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ്; കോര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം

തിരുവനന്തപുരം: വി. മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവാകും. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി. ബിജെപി ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദേശം. കോര്‍ കമ്മിറ്റിയിലും വി. മുരളീധരനാണ് കൂടുതല്‍ പിന്തുണ.

നിയമസഭാ കക്ഷി നേതാവായി രാജീവ് ചന്ദ്രശേഖരന്‍ വരും എന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ആയതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. ഒരാള്‍ക്ക് രണ്ട് പദവികള്‍ നല്‍കാന്‍ കഴിയില്ലെന്ന അഭിപ്രായമായിരുന്നു കോര്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം പേര്‍ക്കും. നാളെ സംസ്ഥാന ഭാരവാഹി യോഗം മാരാര്‍ജി ഭവനില്‍ നടക്കും.

ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമെതിരെ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മണ്ഡലം ശ്രദ്ധിച്ചവര്‍ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണമാണെന്നുമാണ് വിലയിരുത്തല്‍.

മണ്ഡലങ്ങള്‍ മാറിമാറി മത്സരിക്കുന്നതും തിരിച്ചടിയായി. സഭക്കെതിരായ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ വിമര്‍ശനമുയര്‍ന്നു. പരാമര്‍ശം അനവസരത്തിലായെന്ന് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വിഹിതം കൂടിയെന്നും യോഗത്തില്‍ വിലയിരുത്തലുണ്ട്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എസ്.സുരേഷിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

സംഘടന കാര്യങ്ങള്‍ അറിയിക്കുന്നില്ല, സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തി തുടങ്ങിയ വിമര്‍ശനങ്ങളാണുണ്ടായത്. കെ. സുരേന്ദ്രനും വി. മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. പാലക്കാടും തൃശൂരുമുണ്ടായ വോട്ടുചോര്‍ച്ച പരിശോധിക്കാനും തീരുമാനമെടുത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.