തീരുവനന്തപുരം: കോവളം എം.എല്‍.എയായ എം. വിന്‍സന്റിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചു. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വിന്‍സന്റാണ് തിരുവനന്തപുരത്ത് നിന്ന് മന്ത്രിസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനെന്ന് ഫെഡറേഷന്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ വി.ഡി സതീശനെ പിന്തുണച്ച നേതാവാണ് എം. വിന്‍സന്റ്.
അതേസമയം വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐ.സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐസിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാലും എം.കെ രാഘവനും രംഗത്തുണ്ട്.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.
മുസ്ലീം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. നാല് മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയും നല്‍കുന്നതും പരിഗണനിയിലുണ്ട്. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലീം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരൊക്ക മന്ത്രിമാരാകുമെന്ന് തീരുമാനം ഉണ്ടാകും. പി.കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ.എം ഷാജി, എന്‍. ഷംസുദ്ധീന്‍, പി.കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.
ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും എന്നാണ് സൂചന.