തിരുവനന്തപുരം: സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ യുഡിഎഫിൽ മന്ത്രിസ്ഥാനങ്ങളെയും വകുപ്പുകളെയും ചൊല്ലിയുള്ള ചർച്ചകൾ സങ്കീർണമാകുന്നു. ഹൈക്കമാന്‍ഡിന്റെ മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ് എന്നി വകുപ്പുകളോടെ വി.ഡി സതീശന്‍ മന്ത്രിസഭയില്‍ ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നൽകുന്ന വിവരം.
അഞ്ച് മന്ത്രി സ്ഥാനം വേണമെന്ന മുസ്ലിം ലീഗിന്റെ കടുത്ത ആവശ്യത്തിന് മുന്നിൽ കോൺഗ്രസ് വഴങ്ങില്ലെന്നാണ് സൂചന. നാല് മന്ത്രിസ്ഥാനങ്ങൾ നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി കാബിനറ്റ് പദവിയോടെയുള്ള ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്നുമുള്ള പുതിയ ഫോർമുലയാണ് കോൺഗ്രസ് ലീഗിന് മുന്നിൽ വെച്ചിരിക്കുന്നത്.
അധികാര പങ്കാളിത്തത്തിൽ ഘടകകക്ഷികളിൽ നിന്ന് പരമാവധി വിട്ടുവീഴ്ച ഉറപ്പാക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ചിലവ് ചുരുക്കൽ മുൻനിർത്തി ഇത്തവണ ചീഫ് വിപ്പ് പദവി പൂർണമായും വേണ്ടെന്നുവെക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.
മന്ത്രിമാരുടെ എണ്ണത്തിന് പുറമെ വകുപ്പുകളുടെ കാര്യത്തിലും ലീഗുമായി കോൺഗ്രസ് തർക്കത്തിലാണ്. മുസ്ലിം ലീഗ് പരമ്പരാഗതമായി കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. പകരം തുല്യ പ്രാധാന്യമുള്ള മറ്റൊരു വകുപ്പ് ലീഗിന് നൽകാനാണ് ആലോചന.
മുന്നണിയിലെ മറ്റ് പ്രധാന കക്ഷികളും തങ്ങൾക്ക് അർഹമായ പ്രധാന വകുപ്പുകൾക്കായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ഭരണത്തിൽ നിർണ്ണായക സ്വാധീനമുള്ള പൊതുമരാമത്ത് അല്ലെങ്കിൽ റവന്യൂ വകുപ്പുകളിൽ ഒന്നിനായാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പ്രധാന ഡിമാൻഡ്. എന്നാൽ ഈ രണ്ട് വകുപ്പുകൾക്കുമായി കോൺഗ്രസും ലീഗും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ജനകീയ അടിത്തറ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വികസന മുൻഗണനകളുള്ള വൈദ്യുതി, ജലവിഭവം, ടൂറിസം എന്നീ മൂന്ന് പ്രധാന വകുപ്പുകളാണ് ആർഎസ്പി ആവശ്യപ്പെടുന്നത്. ഇത്തവണ തുറമുഖ വകുപ്പ് തങ്ങൾക്ക് വേണമെന്ന ആവശ്യമാണ് സിഎംപി മുന്നോട്ട് വെച്ചിട്ടുള്ളത്.
സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് മുന്നണിയിൽ പരസ്യമായ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരിട്ടാണ് ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വകുപ്പ് വിഭജനത്തിൽ ഇന്ന് രാത്രിയോടെ അന്തിമ തീരുമാനമുണ്ടാകും.