സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയുടെ തെക്കു പടിഞ്ഞാറൻ മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് സിഡ്നിയെ നടുക്കിയ സംഭവം നടന്നതെന്ന് ന്യൂ സൗത്ത് വെയ്‌ൽസ് പൊലീസ് സ്ഥിരീകരിച്ചു.
വെടിയേറ്റ് ഗുരുതരാവസ്ഥയിലായ അഞ്ച് പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ ഒരാൾ ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. മറ്റുള്ളവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ ഇരുപത് വയസ് പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കളെ ലിവർപൂൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പൊലീസ് വിവരം അറിയുകയായിരുന്നു. ഇതിൽ ഒരാളാണ് പിന്നീട് മരണപ്പെട്ടത്. കൊല്ലപ്പെട്ടയാളെ ഔദ്യോഗികമായി തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ടാമത്തെയാൾ ഇതേ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.
ഇതിന് തൊട്ടുപിന്നാലെ ഏകദേശം 10 മിനിറ്റുകൾക്കകം സമാനമായ രീതിയിൽ വെടിയേറ്റ മറ്റ് രണ്ട് പേരെക്കൂടി ഫെയർഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരും ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
സിഡ്നിയിലെ കാൻലി ഹൈറ്റ്‌സിലാണ് ദാരുണമായ ഈ വെടിവെപ്പ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ച് പൊലീസ് പ്രത്യേക കുറ്റകൃത്യ മേഖലയായി പ്രഖ്യാപിക്കുകയും വിശദമായ ശാസ്ത്രീയ പരിശോധനകൾ ആരംഭിക്കുകയും ചെയ്തു.
വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്ന് കണ്ടെത്താൻ ഹോമിസൈഡ് സ്ക്വാഡിലെ പ്രത്യേക ഡിറ്റക്ടീവുകൾ രംഗത്തിറങ്ങിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.