ഓസ്‌ട്രേലിയയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനത്തിലേക്ക്

ഓസ്‌ട്രേലിയയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനത്തിലേക്ക്

മെൽബൺ: ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയർന്നതോടെ രാജ്യം കടുത്ത സാമ്പത്തിക മന്ദഗതിയിലേക്ക്ങ്ങന്നതായി സൂചന. ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായാണ് ഉയർന്നത്. തൊട്ടു മുൻപത്തെ മാസമായ മാർച്ചിൽ ഇത് 4.3 ശതമാനമായിരുന്നു. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ആശങ്കാജനകമായ ഈ കണക്കുകളുള്ളത്.

തൊഴിൽ വിപണി ഇത്രയും കാലം കാണിച്ച കരുത്ത് ചോർന്നുപോകുന്നതാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വരും മാസങ്ങളിൽ പലിശ നിരക്കുകൾ സംബന്ധിച്ച റിസർവ് ബാങ്കിന്റെ തീരുമാനങ്ങളെയും സ്വാധീനിച്ചേക്കാം.

ലഭ്യമായ വിവരമനുസരിച്ച് ഏപ്രിൽ മാസത്തിൽ മാത്രം രാജ്യത്ത് 18,600 ഓളം പേർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ഇതിൽ മുഴുവൻ സമയ ജോലി ചെയ്തിരുന്ന 10,700 പേരും, പാർട്ട് ടൈം മേഖലയിൽ ഉപജീവനം കണ്ടെത്തിയിരുന്ന 7,900 പേരും ഉൾപ്പെടുന്നു. വിപണിയിലെ മന്ദഗതി കാരണം കമ്പനികൾ പുതിയ നിയമനങ്ങൾ മരവിപ്പിക്കുകയോ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയോ ചെയ്യുന്നതാണ് ഇതിന് കാരണം.

ആഗോളതലത്തിൽ നിലനിൽക്കുന്ന എണ്ണവില പ്രതിസന്ധിയും വ്യവസായ മേഖലയിൽ ചെലവുകൾ കുതിച്ചുയരുന്നതുമാണ് തൊഴിൽ വിപണിയെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും കടുത്ത വിലക്കയറ്റവും ഇന്ധന പ്രതിസന്ധിയും കാരണം ഓസ്‌ട്രേലിയയിലെ സാധാരണ ജനങ്ങൾ ഇതിനകം തന്നെ പ്രതിസന്ധിയിലാണ്.

വരും മാസങ്ങളിലും വിപണിയിലെ ഈ അസ്ഥിരത തുടരുകയാണെങ്കിൽ രാജ്യത്തെ തൊഴിൽ മേഖല കൂടുതൽ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.