'ചാം ചച്ച ചോം ചച്ച' പാട്ടുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം; പറയുന്നവനും കേള്‍ക്കുന്നവനും ഒന്നും മനസിലാവില്ല': അടൂരിലും രൂക്ഷ വിമര്‍ശനം

'ചാം ചച്ച ചോം ചച്ച' പാട്ടുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം; പറയുന്നവനും കേള്‍ക്കുന്നവനും ഒന്നും മനസിലാവില്ല': അടൂരിലും രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പാര്‍ട്ടി അടൂര്‍ ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. ജയന്റെ സിനിമയിലെ ഗാനമായ 'ചാം ചച്ച ചോം ചച്ച' എന്ന പാട്ട് പോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനമെന്നാണ് കമ്മിറ്റിയില്‍ ഉയര്‍ന്ന പരിഹാസം.

'ചാം ചച്ച ചോം ചച്ച' എന്ന പാട്ട് എഴുതിയവനും സംഗീതം നല്‍കിയവനും പാടിയവനും കേട്ടവനും എന്താണെന്നറിയില്ല. അതുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനമെന്നായിരുന്നു ചില അംഗങ്ങളുടെ പരിഹാസം കലര്‍ന്ന വിമര്‍ശനം.

വന്‍ പരാജയത്തിന് ശേഷവും പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് അംഗീകരിക്കാനാകില്ലെന്നും പിണറായിയെ മാറ്റി മാതൃക കാട്ടണമെന്നും കമ്മിറ്റിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

അടൂരില്‍ ചില സമുദായ നേതാക്കള്‍ പണം വാങ്ങിയത് അന്വേഷിക്കണം. എല്ലാ വോട്ടും എല്‍ഡിഎഫിന് എന്ന് പറഞ്ഞാണ് അവര്‍ പണം വാങ്ങിയത്. മണ്ഡലത്തില്‍ സിപിഐ ഒന്നും ചെയ്തില്ല.

ചിറ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ടാണ് തോല്‍വിക്ക് കാരണം. പ്രിജി കണ്ണന്‍ എന്ന സൗമ്യ മുഖത്തെ കൊണ്ടുവന്നത് മാത്രമാണ് സിപിഐയുടെ സംഭാവനയെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.

അതേസമയം ഡല്‍ഹിയില്‍ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യും. വിശദമായ വിലയിരുത്തല്‍ നടത്താന്‍ നേരത്തേ പി.ബി സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തല്‍ സംസ്ഥാന ഘടനം റിപ്പോര്‍ട്ട് ചെയ്യും.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ ഓണ്‍ലൈനായി ചേര്‍ന്ന പി.ബി യോഗത്തില്‍ നിരവധി അംഗങ്ങള്‍ എതിര്‍ത്തിരുന്നു. കേന്ദ്ര കമ്മിറ്റിയിലും ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉയരാനാണ് സാധ്യത.

എന്നാല്‍ പിണറായിയെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഇനിയാവില്ലെന്ന നിലപാടിലാണ് എം.വി ഗോവിന്ദന്‍ പി.ബിയുടെ അംഗീകാരം വാങ്ങിയാണ് ഈ തീരുമാനമെടുത്തതെന്നും ഗോവിന്ദന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.