14 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം; രത്തന്‍ ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പി.ബി നൂഹ് ജി.എസ്.ടി കമ്മീഷണര്‍

14 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം; രത്തന്‍ ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പി.ബി നൂഹ് ജി.എസ്.ടി കമ്മീഷണര്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചു പണി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു. കണ്ണൂര്‍ കളക്ടര്‍ ഉള്‍പ്പെടെ ആറ് കളക്ടര്‍മാരെ മാറ്റി. പി.ബി നൂഹിനെ ജി.എസ്.ടി കമ്മീഷണറായും നിയമിച്ചു.

ജി.എസ്.ടി കമ്മീഷണറായിരുന്ന പാട്ടീല്‍ അജിത് ഭഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. ആലപ്പുഴ കളക്ടറായിരുന്ന കെ. ഇമ്പശേഖറിനെ വാട്ടര്‍ അതോറിറ്റി എംഡിയായി നിയമിച്ചു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ആയ ഷാജി വി. നായരാണ് പുതിയ ആലപ്പുഴ കളക്ടര്‍.

കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായാണ് മാറ്റം. കെഎസ്‌ഐഡിസിയുടെ മാനേജിങ് ഡയറക്ടര്‍ ചുമതലയും അദേഹത്തിനാണ്. വ്യവസായ വകുപ്പ് ഡയറക്ടര്‍ ആയ പി. വിഷ്ണു രാജിനെ കണ്ണൂര്‍ ജില്ലാ കളക്ടറായി നിയമിച്ചു.

കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങാണ് പുതിയ എന്‍ട്രന്‍സ് കമ്മീഷണര്‍. പാലക്കാട് ജില്ലാ കളക്ടര്‍ ആയിരുന്ന എം.എസ് മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായും കോളീജിയറ്റ് എജൂക്കേഷന്‍ ഡയറക്ടര്‍ കെ. സുധീറിനെ പാലക്കാട് കളക്ടറായും നിയമിച്ചു.

പത്തനംതിട്ട കളക്ടറായ എസ്. പ്രേം കൃഷ്ണനെ ആരോഗ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. പ്രേ കൃഷ്ണ് പകരം കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) ഡയറക്ടറായ എ. നിസാമുദ്ദീനാണ് പത്തനംതിട്ടയിലെ പുതിയ കളക്ടര്‍.

കൊല്ലം കളക്ടറായിരുന്ന എന്‍. ദേവിദാസിനെ കില ഡയറക്ടറായി നിയമിച്ചു. വ്യവസായ വകുപ്പില്‍ ജോയിന്റെ സെക്രട്ടറിയായ ആനി ജൂല തോമസ് ആണ് പുതിയ കൊല്ലം ജില്ലാ കളക്ടര്‍.

പുതുതായി നിയമിച്ച ജില്ലാ കളക്ടര്‍മാരില്‍ പാലക്കാട്ടെ എം.എസ് മാധവിക്കുട്ടിക്കു മാത്രമാണ് മറ്റൊരു ജില്ലയില്‍ കളക്ടറായി നിയമനം നല്‍കിയത്. ബാക്കി അഞ്ചു പേര്‍ക്കും വിവിധ വകുപ്പുകളിലേക്കാണ് മാറ്റം. ആകെ 14 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് മാറ്റിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.