കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധി സർക്കാർ അനുസരിക്കണമെന്നും അതല്ലാതെ മറ്റ് മാർഗമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് രണ്ടാഴ്ച സാവകാശവും അനുവദിച്ചു. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും നിയമപരമായ അവകാശമുണ്ടെങ്കിൽ അത് നിയമം വഴി സ്ഥാപിച്ചെടുക്കട്ടെയെന്നും കോടതി വ്യക്തിമാക്കി.
കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടത്. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിത്. താമസക്കാർ കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
എറണാകുളം റൂറല്‍ എസ്പിയുടെ ഹര്‍ജിയിലാണ് നിരീക്ഷണം. ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.