കണ്ണൂര്‍: മുനമ്പം ഭൂമി തര്‍ക്കം പരിഹാരമാകാതെ നിലനില്‍ക്കെ കണ്ണൂര്‍ തളിപ്പറമ്പിലും വഖഫ് ഭൂമി വിവാദം. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മുനിസിപ്പല്‍ ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും നിരവധി വാണിജ്യ കെട്ടിടങ്ങളും അടങ്ങുന്ന ഭൂമി വഖഫ് ആണെന്ന് അവകാശപ്പെട്ട് തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിച്ചു.
ആദ്യഘട്ടമായി തളിപ്പറമ്പില്‍ സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയതായോ കൈയേറിയതായോ ആയി ആരോപിക്കപ്പെടുന്ന ഭൂമികളുമായി ബന്ധപ്പെട്ട രേഖകള്‍ ബോര്‍ഡ് ശേഖരിച്ചു തുടങ്ങി. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ ഉടന്‍ തളിപ്പറമ്പ് സന്ദര്‍ശിക്കും. തളിപ്പറമ്പ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ തര്‍ക്ക വഖഫ് ഭൂമി വിഷയങ്ങളിലും ഇടപെട്ട് സ്വത്തുക്കള്‍ തിരിച്ചു പിടിക്കാനാണ് ബോര്‍ഡിന്റെ തീരുമാനമെന്ന് മെന്ന് ചെയര്‍മാന്‍ കെ.എസ് ഹംസ വ്യക്തമാക്കി.
വഖഫ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം തളിപ്പറമ്പില്‍ ഏകദേശം 634 ഏക്കര്‍ വഖഫ് ഭൂമിയുണ്ട്. ഇതില്‍ 400 ഏക്കറോളം ഭൂമി തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റിന്റെ മുത്തവല്ലി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഭൂമിയുടെ രേഖകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് തളിപ്പറമ്പ് വഖഫ് സംരക്ഷണ സമിതി ആരോപിച്ചു. ഈ ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും ജമാഅത്തിന്റെ ആദ്യകാല നേതൃത്വത്തിന്റെ ബന്ധുക്കളുടെ നിയന്ത്രണത്തിലാണെന്നും സമിതി ആരോപിക്കുന്നു.
മുനമ്പം വിവാദവുമായി താരതമ്യം ചെയ്യുമ്പോള്‍ തളിപ്പറമ്പിലെ സാഹചര്യം വ്യത്യസ്ഥമാണെന്നും സമിതി ചൂണ്ടിക്കാട്ടി. മുനമ്പത്ത് ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോള്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെ കൈവശമാണ്. അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ് ഭൂമി വാങ്ങിയത്. എന്നാല്‍ തളിപ്പറമ്പില്‍ ജമാഅത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ചിലര്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കായി വഖഫ് ഭൂമി ബന്ധുക്കള്‍ക്ക് പങ്ക് വച്ചു നല്‍കിയെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.
തളിപ്പറമ്പ് മുനിസിപ്പല്‍ ഓഫീസ്, തളിപ്പറമ്പ് സഹകരണ ആശുപത്രി, സയ്യിദ് നഗര്‍, ഫാറൂഖ് നഗര്‍, മന്ന എന്നിവിടങ്ങളിലെ വലിയ ഭാഗങ്ങളും കരിമ്പത്തുവിലെ അണ്ടകല, സാധുമുട്ടി തുടങ്ങിയ പ്രദേശങ്ങളും വഖഫ് ഭൂമിയിലാണെന്ന് സമിതി അവകാശപ്പെടുന്നു. പതിറ്റാണ്ടുകളായി നാമമാത്ര വാടക മാത്രം നല്‍കി നിരവധി വഖഫ് കെട്ടിടങ്ങളും സ്വത്തുക്കളും സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുകയാണെന്നും സമിതി ആരോപിച്ചു.
അതേസമയം മുനമ്പത്തെ അപേക്ഷിച്ച് തളിപ്പറമ്പിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാണെന്ന് ചെയര്‍മാന്‍ കെ.എസ്. ഹംസ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍, ദീര്‍ഘകാല പാട്ട വ്യവസ്ഥയിലുള്ള ഭൂമികള്‍, വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവിധ വാടക കരാറുകള്‍ എന്നിവ ഇവിടെ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക സമീപനം ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി.