ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിപക്ഷ നേതാവ്  പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്. മനോജ്, ജിതിന്‍ രാജ്, ഷാഹിന്‍, ജീവന്‍, ശ്രീജിത്ത് എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ ഇവര്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ വാടക വീടിന് പുറത്താണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം നടന്നത്. ഇവിടെയാണ് പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് പുറത്തേക്കു വന്ന ഇ.ഡി ഉദ്യോഗസ്ഥരെ കല്ലും മുട്ടയുമെല്ലാം എറിയുകയും, വലിയ ഇഷ്ടിക ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ വന്ന വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

ഇതിനെക്കുറിച്ചെല്ലാം പൊലീസ് പ്രതികളോട് വിശദമായി ചോദിച്ചറിഞ്ഞു. കേസില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പുറത്തു വിട്ടാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.