ഓസ്‌ട്രേലിയയിൽ വിശ്വാസ തിരയിളക്കo; കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളിൽ പങ്കുചേർന്നത് ആയിരങ്ങൾ

ഓസ്‌ട്രേലിയയിൽ വിശ്വാസ തിരയിളക്കo; കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളിൽ പങ്കുചേർന്നത് ആയിരങ്ങൾ

മെൽബൺ: ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും രക്തത്തിന്റെയും തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ദിനത്തിൽ വിശ്വാസത്തിന്റെ ഉജ്വല പ്രകടനവുമായി ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സമൂഹം ഒത്തുചേർന്നു. ഓസ്‌ട്രേലിയയിലെ വിവിധ അതിരൂപതകളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാന പ്രദക്ഷിണങ്ങൾ, ദൈവസാന്നിധ്യത്തിന്റെ പരസ്യസാക്ഷ്യമായി മാറി.

മെൽബൺ അതിരൂപത സംഘടിപ്പിച്ച വാർഷിക കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണം അവിസ്മരണീയമായി. ആയിരക്കണക്കിന് വിശ്വാസികൾ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ ഒത്തുചേർന്നു. "നഗരത്തിലേക്ക് ക്രിസ്തുവിന്റെ പ്രകാശം പങ്കുവെക്കുക" എന്ന പ്രമേയവുമായി സിബിഡിയിലൂടെ നീങ്ങിയ പ്രദക്ഷിണം, ഫെഡറേഷൻ സ്‌ക്വയറിലെ ബെനഡിക്ഷനോടെയാണ് സമാപിച്ചത്.

ബ്രിസ്‌ബേനിലെ തെരുവുകൾ ഭക്തിനിർഭരമായ പാട്ടുകളാലും പ്രാർത്ഥനകളാലും മുഖരിതമായി. ജൂൺ ഏഴിന് നടന്ന വോക്ക് വിത്ത് ജീസസ് കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിൽ അഞ്ചായിരത്തിലധികം ആളുകൾ അണിനിരന്നു. സെന്റ് സ്റ്റീഫൻ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച ഈ മഹാപ്രദക്ഷിണം വിശ്വാസത്തിന്റെ ഐക്യദാർഢ്യം വിളിച്ചോതുന്നതായിരുന്നു.

കെയിൻസിലും വിശ്വാസികൾ ഒത്തുചേർന്നു. സെന്റ് മോണിക്കസ് കത്തീഡ്രലിനെ കേന്ദ്രീകരിച്ച് നടന്ന ഈ ആഘോഷം ക്രിസ്തു തന്റെ ജനങ്ങളോടൊപ്പം നടക്കുന്നു എന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂർത്തിയായി.

ഈ വർഷത്തെ കോർപ്പസ് ക്രിസ്റ്റി ആഘോഷങ്ങൾ ഐക്യത്തിന്റെയും ഭക്തിയുടെയും മിഷൻ പ്രവർത്തനങ്ങളുടെയും ശക്തമായ പ്രഖ്യാപനമായി മാറി എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.