നെടുമങ്ങാട്ട് ഒന്നര വയസുകാരനെ അമ്മയുടെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

നെടുമങ്ങാട്ട് ഒന്നര വയസുകാരനെ അമ്മയുടെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ട് അര്‍ഷിദ് ഒന്നര വയസുകാരന്‍ അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായി കൊലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥര്‍ മുദ്രവച്ച കവറില്‍ മറുപടി നല്‍കണം. സ്വമേധയാ എടുത്ത കേസിലാണ് കോടതി ഇടപെടല്‍. മുത്തശ്ശി നേരത്തെ നല്‍കിയ പരാതിയില്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ മെയ് 23നാണ് അഖിലയുടെ മകന്‍ അര്‍ഷിദ്, കാമുകന്‍ അഷ്‌ക്കറിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ ഉണ്ടായിരുന്നു. ഏഴ് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ഇയാള്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് ഗുരുതര വീഴ്ച ഉണ്ടായെന്നും അടുത്തിടെ കണ്ടെത്തിയിരുന്നു. കുഞ്ഞ് നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും കൈകള്‍ രണ്ടും ഒടിഞ്ഞിട്ടുണ്ടെന്നും കാണിച്ച് കുട്ടിയുടെ അമ്മൂമ്മ റീന ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിളിച്ചറിയിച്ചതിന്റെ നിര്‍ണായക ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് വീഴ്ചയുണ്ടായതായി വ്യക്തമായത്.

മെയ് മൂന്നിനാണ് അമ്മൂമ്മ സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെ സമീപിച്ചത്. എന്നാല്‍ യാതൊരുവിധ തുടര്‍ നടപടികളും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇത്രയും വലിയ ക്രൂരതയെക്കുറിച്ച് പരാതിപ്പെട്ടിട്ടും വളരെ ലളിതമായാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ജീവനക്കാരന്‍ വിഷയത്തെ സമീപിച്ചത്. പരിഹാരം നിര്‍ദേശിക്കുന്നതിന് പകരം കുഞ്ഞിനെ എന്തുകൊണ്ട് അവര്‍ക്ക് വിട്ടുകൊടുത്തെന്ന് ചോദിച്ച് റീനയെ ജീവനക്കാരന്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.