പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ചോദ്യം ചെയ്ത് ഹര്‍ജി; തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമെന്ന് ഹൈക്കോടതി

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ചോദ്യം ചെയ്ത് ഹര്‍ജി; തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമായി യുഡിഎഫ് സര്‍ക്കാര്‍ പുതുതായി ആരംഭിച്ച 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണെന്ന് ഹൈക്കോടതി.

പദ്ധതിയുടെ വേഗതയെയും സാമ്പത്തിക ബാധ്യതയെയും ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഈ ആനുകൂല്യം സാധാരണക്കാരായ അധ്വാനിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്നും ഇത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ഒരു വാഗ്ദാനമെങ്കിലും അവര്‍ ഇപ്പോള്‍ കൃത്യമായി പാലിച്ചല്ലോ എന്നും കോടതി വിലയിരുത്തി.

നികുതി ദായകനും പൊതു പ്രവര്‍ത്തകനുമായ മുഹമ്മദ് ഫിര്‍ദൗസ് എന്ന വ്യക്തിയാണ് സര്‍ക്കാരിന്റെ സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

യാതൊരുവിധ വരുമാന പരിധിയോ, താമസ യോഗ്യതയോ അല്ലെങ്കില്‍ പ്രത്യേക സാമൂഹിക പിന്നോക്കാവസ്ഥയോ മാനദണ്ഡമാക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും ഒരേപോലെ സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ കടുത്ത ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

കൂടാതെ ഈ പദ്ധതി വഴി സംസ്ഥാന ഖജനാവിന് പ്രതിദിനം രണ്ട് കോടി രൂപയോളവും പ്രതിവര്‍ഷം 800 കോടി രൂപയോളവും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ അതീവ വേഗതയില്‍ ആവശ്യത്തിന് പഠനങ്ങള്‍ നടത്താതെയാണ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങളെ പ്രോസിക്യൂഷന്‍ പ്രതിരോധിച്ചു. ഡല്‍ഹി, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ സമാനമായ വനിതാ സൗജന്യ യാത്രാ പദ്ധതികള്‍ വര്‍ഷങ്ങളായി വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ഇത്തരം പദ്ധതികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ പൂര്‍ണമായി കേട്ട ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജിയില്‍ അന്തിമ വിധി പറയുന്നതിനായി മാറ്റിവെച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.