മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ഒന്നാം പിണറായി സര്‍ക്കാരിലേക്കും; വീണയെ വീണ്ടും ചോദ്യം ചെയ്യും

മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ഒന്നാം പിണറായി സര്‍ക്കാരിലേക്കും; വീണയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം പിണറായി സര്‍ക്കാരിലേക്കും നീളുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് കിട്ടിയ സഹായങ്ങള്‍ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. വീണയ്ക്ക് നല്‍കിയ മാസപ്പടിക്ക് പിന്നില്‍ സര്‍ക്കാരില്‍ നിന്ന് സിഎംആര്‍എല്ലിന് ലഭിച്ച വഴിവിട്ട സഹായങ്ങുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സി.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയെ രണ്ട് തവണ ഇ.ഡി ചോദ്യം ചെയ്തു. കഴിഞ്ഞ ആഴ്ച ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെ ഇന്നലയും ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ലഭ്യമായതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വീണയെ രണ്ടാമതും കൊച്ചിയിലേക്ക് വിളിപ്പിച്ചത്. വീണയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അവരെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

സിഎംആര്‍എലും എക്സാലോജിക്കും തമ്മില്‍ എങ്ങനെ കരാറില്‍ എത്തി എന്നതാണ് ഇ.ഡിയുടെ പ്രധാന ചോദ്യം. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, സിഎംആര്‍എലില്‍നിന്ന് ലഭിച്ച 2.78 കോടിരൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെ കുറിച്ചും വീണയ്ക്ക് വ്യക്തമായ മറുപടിയില്ല. സിഎംആര്‍എലും എക്സാലോജിക്കും തമ്മില്‍ ഏത് സാഹചര്യത്തിലാണ് കരാറില്‍ ഏര്‍പ്പെട്ടതെന്ന് കണ്ടെത്താനാണ് ഇ.ഡി ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഒന്നാം പിണറായി സര്‍ക്കാരിലേക്ക് കൂടി അന്വേഷണം നീങ്ങുന്നത്. ആ കാലത്ത് സിഎംആര്‍എലിന് എന്തെങ്കിലും വഴിവിട്ട സഹായം സര്‍ക്കാരില്‍ നിന്ന് ലഭിച്ചോ എന്നാണ് അന്വേഷിക്കുക. അങ്ങനെ സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പ്രത്യുപകാരമായാണോ കരാര്‍ ലഭിച്ചതെന്നും അന്വേഷണ ഏജന്‍സി പരിശോധിക്കും.

വീണയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചും ഇഡി അന്വേഷണം നടത്തും. സിഎംആര്‍എലിന് ഒരു സേവനവും എക്സാലോജിക് നല്‍കിയിട്ടില്ല. ഇല്ലാത്ത സേവനത്തിനാണ് വീണ പണം കൈപ്പറ്റിയിട്ടുള്ളത്. ഇത് എന്തിനായിരുന്നു എന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.