ഹൂസ്റ്റൺ: ഫുട്ബോൾ ലോകത്തെ അവിശ്വസനീയമായ നേട്ടവുമായി ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കേപ്പ് വെർദെ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ. കേവലം 5.3 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യം ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിലെത്തുന്ന ഏറ്റവും ചെറിയ രാജ്യമായി മാറി. അരങ്ങേറ്റത്തിൽ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയ കേപ്പ് വെർദെ പ്രീ-ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുമായാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പെയിൻ, ഉറുഗ്വേ തുടങ്ങിയ ഫുട്ബോൾ ശക്തികൾക്കൊപ്പം കളിച്ചിട്ടും തോൽവി അറിയാതെയാണ് കേപ്പ് വെർദെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.
സൗദി അറേബ്യക്കെതിരായ നിർണായക മത്സരത്തിൽ ഗോൾരഹിത സമനില നേടിയതോടെയാണ് ഈ ചെറിയ ദ്വീപ് രാഷ്ട്രം ലോകകപ്പിന്റെ വലിയ വേദിയിൽ അത്ഭുതം വിരിയിച്ചത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞാണ് അവർ നോക്കൗട്ട് ഉറപ്പിച്ചത്.
അരങ്ങേറ്റ മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിനിനെതിരെ സമനില പിടിക്കാൻ കേപ്പ് വെർദിനെ സഹായിച്ചത് 40 കാരനായ ഗോൾകീപ്പർ വോസിഞ്ഞയുടെ അസാമാന്യ പ്രകടനമാണ്. താരത്തിന്റെ പ്രകടനത്തിന് പിന്നാലെ ഇദേഹം സോഷ്യൽ മീഡിയയിൽ വലിയ താരമായി മാറി. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ദശലക്ഷത്തിലധികം പേരാണ് താരത്തെ പിന്തുടരുന്നത്.
ഹൂസ്റ്റണിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യക്കെതിരെ മികച്ച പ്രകടനമാണ് കേപ്പ് വെർദെ കാഴ്ചവെച്ചത്. ജാമിറോ മൊണ്ടേറോയ്ക്കും കെവിൻ പിനയ്ക്കും ഗോൾ നേടാൻ ചില അവസരങ്ങൾ ലഭിച്ചെങ്കിലും സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ-ഒവൈസിന്റെ മികച്ച സേവുകൾ അവർക്ക് തടസമായി. എങ്കിലും ലഭിച്ച ഒരു പോയിന്റ് കേപ്പ് വേർഡിന്റെ ചരിത്ര നേട്ടത്തിന് ധാരാളമായിരുന്നു.
വമ്പൻ ടീമുകൾക്കെതിരെ കളിക്കാനുള്ള തങ്ങളുടെ കഴിവ് തെളിയിക്കുക എന്നത് മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും തങ്ങൾ ചെറിയ രാജ്യമാണെങ്കിലും വലിയ ടീമുകളെ നേരിടാൻ പ്രാപ്തരാണെന്നും തെളിയിക്കാനായതിൽ അഭിമാനമുണ്ടെന്നും പരിശീലകൻ ബുബിസ്റ്റ പറഞ്ഞു. എന്തായാലും ലോകകപ്പ് ഫുട്ബോളിന്റെ ചരിത്ര പുസ്തകത്തിൽ കേപ്പ് വെർദെ തങ്ങളുടെ പേര് ഇതിനകം തന്നെ സുവർണ ലിപികളാൽ എഴുതിച്ചേർത്തു കഴിഞ്ഞു.
"അസാധ്യമായി ഒന്നുമില്ല" എന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങുന്ന കേപ്പ് വെർദെ അർജന്റീനയ്‌ക്കെതിരായ മത്സരത്തിലും തങ്ങളുടെ പോരാട്ടവീര്യം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജൂലൈ മൂന്നിന് മയാമിയിൽ വെച്ചാണ് ലയണൽ മെസ്സിയും സംഘവും കേപ്പ് വെർദിനെ നേരിടുന്നത്. വമ്പൻമാരായ അർജന്റീനയ്‌ക്കെതിരെ ഈ കൊച്ചു ടീം എന്ത് അത്ഭുതമാണ് സൃഷ്ടിക്കുക എന്ന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.