പാലക്കാട്: വാളയാര്‍ അതിര്‍ത്തി വഴി തമിഴ്നാട്ടിലേക്ക് പോകുന്നവര്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്. ഇന്നുമുതല്‍ ഇ പാസ് ഉള്ളവര്‍ക്ക് മാത്രമേ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാനാവൂ. രാവിലെ മുതല്‍ തമിഴ്‌നാട് പോലീസ് അതിര്‍ത്തിയില്‍ വാഹന പരിശോധന ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് കൂടി ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാനാവൂ എന്ന് കോയമ്പത്തൂർ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഗതാഗത സെക്രട്ടറിയുടെ ഇടപെടല്‍ മൂലം ഇ പാസ് മാത്രം മതിയെന്ന തീരുമാനത്തിലേക്ക് തമിഴ്‌നാട് എത്തുകയായിരുന്നു.
ഇ-പാസ് രജിസ്റ്റര്‍ ചെയ്യാത്ത ആളുകളെ കേരളത്തിലേക്ക് തിരിച്ച് വിടുകയാണ്. കോയമ്പത്തൂർ വഴി തമിഴ്നാട് പോകുന്ന എല്ലാവര്‍ക്കും ഇ-പാസ് നിര്‍ബന്ധമാക്കി കൊണ്ടുളള ഉത്തരവ് കോയമ്പത്തൂർ കളക്‌ടര്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കേരളത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാര്‍ തിരുത്തിയിരുന്നു.