തീപിടുത്തത്തിൽ കത്തിനശിച്ച നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു

തീപിടുത്തത്തിൽ കത്തിനശിച്ച നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു

പാരീസ് : 2019 ഏപ്രിലിൽ കത്തിനശിച്ച ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലിന്റെ ഗോപുര പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു . ഇതിനായി നൂറ്റാണ്ടുകൾ പഴക്കമുള്ള മുൻ രാജകീയ വനത്തിനുള്ളിലുള്ള ഓക്ക് മരങ്ങൾ മുറിച്ചുതുടങ്ങി.

പാരിസിലെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന നോട്രഡാം കത്തീഡ്രലിലുണ്ടായ തീപിടുത്തത്തിൽ ഇതിന്റെ ഗോപുരം പൂർണ്ണമായും കത്തി നശിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ യൂജിൻ വയലറ്റ്-ലെ-ഡക്ക് രൂപകൽപ്പന ചെയ്ത 96 മീറ്റർ (315 അടി) ഉയരമുള്ള ഗോപുരം പുനർനിർമിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഗോപുരവും അതിന്റെ ചട്ടക്കൂടും നിർമ്മിക്കാൻ ആവശ്യമായ 1,000 ഓക്ക് മരങ്ങൾ ശേഖരിച്ചു തുടങ്ങി .

ചട്ടക്കൂടിനായി 18 മീറ്റർ നീളമുള്ള ബീമുകൾ 200 വർഷങ്ങൾ പഴക്കമുള്ള ഓക്ക് മരത്തിൽ നിന്നും ലഭിക്കും. ലെ മാൻസിനടുത്തുള്ള ഡൊമെയ്ൻ ഡി ബെർസിൽ നിന്ന് എടുക്കുന്ന മരങ്ങൾ വളരെ നേരത്തേ തന്നെ മാർക്ക് ചെയ്തിട്ടുള്ളതാണ് . മാർച്ച് അവസാനിക്കുന്നതിനുമുമ്പ് അവയെല്ലാം വെട്ടിമാറ്റണം എന്നാണ് അധികാരികൾ കരുതുന്നത്.



കത്തീഡ്രലിന്റെ യഥാർത്ഥ മേൽക്കൂരയിൽ ധാരാളം ഓക്ക് ബീമുകൾ ഉണ്ടായിരുന്നു, അതുകൊണ്ടു തന്നെ മേൽക്കൂരയെ "ലാ ഫോറെറ്റ്" (ഫോറസ്റ്റ്) എന്ന് വിളിച്ചിരുന്നു.  ഈ വനത്തിൽ നിന്നു തന്നെയാണ് ഫ്രഞ്ച് നാവികസേനയ്ക്ക് തടികൾ വിതരണം ചെയ്തിരുന്നത് . വെട്ടി മാറ്റുന്ന മരങ്ങൾക്കു പകരമായി ഓക്ക് വൃക്ഷ തൈകൾ പുതുതായി നട്ടു പിടിക്കുമെന്ന് ഫോറസ്റ് അധികൃതർ വ്യക്തമാക്കി .

ഓക്ക് തടികൾ വളരെ ദൃഢവും നശിച്ചു പോകാത്തതുമാണ് കപ്പലുകൾ, ബോട്ടുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇത് ഉപയോഗിക്കുന്നു. മുന്തിരി വൈൻ , വിസ്കി, ബ്രാണ്ടി, മറ്റ് മദ്യങ്ങൾ എന്നിവ സംഭരിക്കുന്നതിനുള്ള ബാരൽ നിർമ്മാണത്തിലും ഓക്ക് ഉപയോഗിക്കുന്നു.

യുഎസ്എ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി,ലാറ്റ് വിയ , പോളണ്ട്, സെർബിയ തുടങ്ങി നിരവധി രാജ്യങ്ങളുടെ ദേശീയ മരമാണ് ഓക്ക്.
മിക്ക ഓക്ക് മരങ്ങളും 200 വർഷത്തിലേറെയായി ജീവിക്കുന്നു. ആയിരം വർഷത്തിലധികം നിലനിൽക്കാൻ കഴിയുന്ന വൃക്ഷങ്ങളുമുണ്ട് ഓക്കുകൾക്കിടയിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.