തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ച സാഹചര്യത്തില്‍ വീണ്ടും അപ്പീല്‍ നല്‍കാനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്ന് തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.
പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും തുല്യ നീതി നടപ്പാക്കാനാണ് ബദല്‍ മാര്‍ഗം സര്‍ക്കാര്‍ കൊണ്ടു വന്നത്.
എന്നാല്‍ പ്രോസ്പെക്ടസ് നിലവില്‍ വന്നതിന് ശേഷം മാറ്റം വരുത്തിയത് ശരിയായില്ല എന്ന നിഗമനമാണ് കോടതി മുന്നോട്ടു വെച്ചത്. എപ്പോള്‍ വേണമെങ്കിലും പ്രോസ്പെക്ടസില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അനുമതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 14 നുള്ളില്‍ ബിടെക് പ്രവേശന നടപടി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് നടപ്പാക്കേണ്ടതിനാല്‍ മേല്‍ക്കോടതിയെ സമീപിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുതിരുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
റാങ്ക് പട്ടിക പുതുക്കുമ്പോള്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാം. കീം പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. അതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റത്തിന് ശ്രമിച്ചതെന്നും ആര്‍ ബിന്ദു അറിയിച്ചു.