മ്യാന്‍മറില്‍ മലയാളികള്‍ ഉള്‍പ്പെടെ 44 ഇന്ത്യക്കാര്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍; മോചനത്തിനായി ഇടപെട്ട് കെ.സി വേണുഗോപാല്‍ എംപി

മ്യാന്‍മറില്‍ മലയാളികള്‍ ഉള്‍പ്പെടെ 44 ഇന്ത്യക്കാര്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍; മോചനത്തിനായി ഇടപെട്ട് കെ.സി വേണുഗോപാല്‍ എംപി

തിരുവനന്തപുരം: മ്യാന്‍മറില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലകപ്പെട്ട 44 ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. കേന്ദ്ര സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ക്ക് കത്ത് നല്‍കി. തുടര്‍ന്ന് വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിക്കുകയും ഇവരുടെ ദുരിതം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് അദേഹം വ്യക്തമാക്കി. മ്യാന്‍മറിലെ ഡോങ്മെയ് പാര്‍ക്കില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ അപകടകരമായ അവസ്ഥയിലുള്ള ഇവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് ബന്ധുക്കള്‍ കടുത്ത ആശങ്കയാണ്. മനുഷ്യക്കടത്ത് സംഘത്തിന്റെ കയ്യില്‍ അകപ്പെട്ട കാസര്‍കോട് പടന്ന സ്വദേശിയായ മഷൂദ് അലിയെന്ന വ്യക്തി 10 ദിവസം മുമ്പ് ഇതുസംബന്ധിച്ച പരാതി ഇന്ത്യന്‍ എംബസിയെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.

ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴിയാണ് ആളെ റിക്രൂട്ട് ചെയ്യുന്ന തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് മഷൂദ് അലി പറഞ്ഞു. വിദേശത്തേക്ക് പോകാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി അവരിലൂടെ മറ്റുള്ളവരെയും റിക്രൂട്ട് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പാക്കിങ് സെക്ഷനിലേക്ക് ജോലിയെന്ന് തെറ്റിധരിപ്പിച്ചാണ് ആളുകളെ വിദേശത്ത് കടത്തിയിരുന്നത്.

മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇവരില്‍ പലരില്‍ നിന്നും തട്ടിപ്പ് സംഘം വങ്ങിയിട്ടുണ്ട്. രണ്ട് മാസത്തെ വിസയും ടിക്കറ്റും എടുത്ത് നല്‍കി ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ച ശേഷം ബാങ്കോക്കില്‍ കുറച്ച് നാള്‍ ജോലി ചെയ്ത് പ്രവര്‍ത്തന മികവ് പ്രകടിപ്പിക്കുമ്പോള്‍ അവിടെ നിന്നും യുകെയിലേക്ക് ജോലി മാറ്റി നല്‍കുമെന്നാണ് തട്ടിപ്പ് സംഘം ഇവരെ ധരിപ്പിക്കുന്നത്. അത് വിശ്വസിച്ച് തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ട ഇവരെ മ്യാന്‍മാറിലേക്ക് മാറ്റുകയാണ്.

തട്ടിപ്പ് സംഘത്തെ എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നവര്‍ക്ക് ക്രൂര മര്‍ദനമാണെന്നാണ് വിവരം. ഫോണ്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും മറ്റ് വസ്തുക്കളും തട്ടിപ്പ് സംഘം ഇരകളായവരില്‍ നിന്ന് കൈക്കലാക്കും. ഇതുകാരണം അവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്. മഷൂദ് അലിയെപ്പോലെ തട്ടിപ്പിനിരയായി മ്യാന്‍മാറിലെത്തിയ കൊല്ലം സ്വദേശി ജിഷ്ണുവിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്നാണ് വിവരം. മഷൂദ് അലിക്കൊപ്പം മുറി പങ്കിട്ട വ്യക്തിയാണ് ജിഷ്ണു.

കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ പോകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ജിഷ്ണു തട്ടിപ്പ് സംഘവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നെന്നും അതിന് ശേഷമാണ് ജിഷ്ണുവിനെ കാണാതായതെന്നും മഷൂദ് അലി വ്യക്തമാക്കുന്നു. അതീവ ഗുരുതമായ അവസ്ഥയിലൂടെയാണ് തട്ടിപ്പിനിരയായ ഇന്ത്യക്കാര്‍ കടന്ന് പോകുന്നത്. എത്രയും വേഗം സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അവരുടെ ജീവന് തന്നെ ആപത്താണെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസിയുടെ ഭാഗത്ത് നിന്നും നടപടിയെടുക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. അതുകൊണ്ട് തന്നെ മ്യാന്‍മറില്‍ നിന്നും ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കുന്നതിന് എംബസിയുടെ നേതൃത്വത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.