തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാര്‍ അവധി അപേക്ഷ നല്‍കി. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിത കാലത്തേയ്ക്കാണ് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ സസ്പെന്‍ഷനിലുള്ളയാളുടെ അവധി അപേക്ഷയ്ക്ക് എന്താണ് പ്രസക്തിയെന്നായിരുന്നു വിസി ഡോ.മോഹനന്‍ കുന്നുമ്മേലിന്റെ പ്രതികരണം.
തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയ്ക്കായി അവധി നല്‍കണമെന്നുമാണ് കെ.എസ് അനില്‍കുമാര്‍ അവധി അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പകരം തന്റെ ചുമതല പരീക്ഷാ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസിലെ രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അപേക്ഷയില്‍ പറയുന്നു.
സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റിന്റെ സമാന്തര യോഗം നിയമ വിരുദ്ധമാണെന്നും അതിലെ തീരുമാനങ്ങള്‍ വിസി അംഗീകരിക്കാത്തതിനാല്‍ നിലനില്‍ക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
സസ്‌പെന്‍ഷനിലുള്ള അനില്‍ കുമാര്‍ ഓഫീസില്‍ തുടരുന്നത് നിയമ വിരുദ്ധമാണ്. പുറത്തു പോവണമെന്നും വിസിയുടെ അനുമതിയില്ലാതെ ഓഫീസില്‍ കടക്കരുതെന്നും അനില്‍കുമാറിനെ അറിയിക്കാന്‍ വിസിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
സമാന്തര യോഗത്തിലെ തീരുമാനത്തിന് കടലാസിന്റെ വില പോലുമില്ലെന്നും അതിനാല്‍ അനില്‍ കുമാര്‍ സസ്‌പെന്‍ഷനില്‍ തന്നെയാണെന്നുമാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി വിസിക്ക് വീണ്ടും ഉത്തരവിറക്കാമെന്നും ഗവര്‍ണര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ വിസിക്ക് പൂര്‍ണ അധികാരവും ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിയത് നിയമ സാധുതയില്ലാത്ത യോഗമാണെന്ന് വിലയിരുത്തിയാണ് സമാന്തര യോഗവും അതിലെ തീരുമാനങ്ങളും അസാധുവാണെന്ന് ഗവര്‍ണര്‍ വിലയിരുത്തിയത്.
സിന്‍ഡിക്കേറ്റിലെ ഏതു തീരുമാനവും അംഗീകരിക്കാനും നടപ്പാക്കാനും വിസി രണ്ടുവട്ടം ഒപ്പുവയ്‌ക്കേണ്ടതുണ്ട്. തീരുമാനം അംഗീകരിച്ച ശേഷവും നടപ്പാക്കാതിരിക്കാന്‍ വിസിക്ക് അധികാരവുമുണ്ട്.