അശ്ലീലം പ്രചരിപ്പിക്കുന്നു; പാകിസ്താനിൽ ടിക് ടോകിന് വീണ്ടും നിരോധനം

അശ്ലീലം പ്രചരിപ്പിക്കുന്നു; പാകിസ്താനിൽ ടിക് ടോകിന് വീണ്ടും നിരോധനം

ഇസ്ലാമാബാദ്: ഇന്ത്യക്കു പിന്നാലെ പാകിസ്താനും ടിക് ടോക് നിരോധിച്ചു. പെഷവാറിലെ ഹൈക്കോടതിയാണ് ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാൻ രാജ്യത്തെ ടെലികോം അതോറിട്ടിയോട് ഉത്തരവിട്ടത്. ടിക് ടോകിലേക്കുള്ള പ്രവേശനം തടയാൻ സേവന ദാതാക്കൾക്ക് നിർദേശം നൽകിയതായി പാകിസ്ഥാൻ ടെലികോം അതോറിറ്റി (പിടിഎ) വക്താവ് ഖുറാം മെഹ്‌റാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
സമൂഹ മാധ്യമത്തിലൂടെ അധാർമികവും ആക്ഷേപകരവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന പരാതി ലഭിച്ചതിനെത്തുടർന്നാണ് ടിക് ടോക് നിരോധിക്കാൻ പെഷവാറിലെ ഹൈക്കോടതി ഉത്തരവിട്ടത്. ടിക് ടോക്കിലെ വീഡിയോകൾ “പാകിസ്താനി സംസ്കാരത്തിനു ചേരുന്നതല്ലെന്നും അശ്ലീലം വളർത്തുന്നുവെന്നും പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൈസർ റാഷിദ് ഖാൻ നിരീക്ഷിച്ചു.
കഴിഞ്ഞ മാസം വരെ പാകിസ്ഥാനിൽ ടിക് ടോക്കിന് ഏകദേശം 33 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണു കണക്ക്. പാകിസ്ഥാൻ ടിക് ടോക് നിരോധിക്കുന്നത് ഇതാദ്യമല്ല. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ചില വീഡിയോകളുടെ സ്വഭാവത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിച്ചിട്ടില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം പി‌ടി‌എ ടിക് ടോക് നിരോധിച്ചിരുന്നു. പത്ത് ദിവസത്തിന് ശേഷം നിരോധനം നീക്കി. അശ്ലീലത പ്രചരിപ്പിക്കുന്ന എല്ലാ അക്കൗണ്ടുകളും തടയുമെന്ന് ടിക് ടോക്കിന്റെ മാനേജ്മെൻ്റ് ഉറപ്പുനൽകിയതിനെ തുടർന്നാണ് നിരോധനം നീക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.