വിഴിഞ്ഞത്തിന്റെ ലെവല്‍ മാറും; വരുന്നത് വന്‍ വിദേശ നിക്ഷേപം: അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങാനൊരുങ്ങി തുറമുഖ ഭീമന്‍ എം.എസ്.സി

വിഴിഞ്ഞത്തിന്റെ ലെവല്‍ മാറും; വരുന്നത്  വന്‍ വിദേശ നിക്ഷേപം: അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങാനൊരുങ്ങി തുറമുഖ ഭീമന്‍ എം.എസ്.സി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം.എസ്.സി).

അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരിയാണ് എം.എസ്.സി സ്വന്തമാക്കാനൊരുങ്ങുന്നത്. കമ്പനിയുടെ ഉപ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ടിഐഎല്‍) 13,000 കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്ത് നടത്തുക. സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപമാണിത്.

വിഴിഞ്ഞം തുറമുഖത്ത് ഇപ്പോള്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റാണ് (ടിഇയു) ആണ് നിലവില്‍ കണ്ടെയ്നര്‍ കൈകാര്യ ശേഷി. 2028 ഡിസംബറില്‍ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു ആകും.

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എം.എസ്.സി നടത്തുന്നത്. തുറമുഖ വളര്‍ച്ചയില്‍ വന്‍കുതിച്ചു ചാട്ടമെന്നാണ് എം.എസ്.സിയുടെ വരവില്‍ അദാനിയുടെ പ്രതികരണം.

വിഴിഞ്ഞത്ത് കൂടുതല്‍ കണ്ടെയ്നറുകള്‍ എത്താനും പശ്ചാത്തല വികസനം കൂടുതല്‍ മികച്ചതാക്കാനും എം.എസ്.സിയുമായുള്ള സഹകരണം വഴി കഴിയുമെന്നാണ് കരുതുന്നത്. അദാനിയും എം.എസ്.സിയും തമ്മില്‍ ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്.

ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര കപ്പല്‍പ്പാതയില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ ദൂരത്താണെന്നതും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. 18-20 മീറ്റര്‍ സ്വാഭാവിക ആഴമുള്ളത് കൊണ്ട് ലോകത്തെ എത്ര വലിയ കപ്പലിനെയും വിഴിഞ്ഞം തുറമുഖത്ത് സ്വീകരിക്കാന്‍ കഴിയും.

എം.എസ്.സിയുടെ ഉപവിഭാഗമായ ടിഐഎല്‍ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് ഓപ്പറേറ്റര്‍മാരില്‍ ഒന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍ ടിഐഎല്‍ നിലവില്‍ നിയന്ത്രിക്കുന്നുണ്ട്. പ്രതിവര്‍ഷം ശരാശരി ഏഴ് കോടി കണ്ടെയ്‌നറുകളാണ് ടിഐഎല്‍ കൈകാര്യം ചെയ്യുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.