'വിവാഹ മോചിതയായ മകള്‍ക്ക് ഫാമിലി പെന്‍ഷന് അര്‍ഹതയുണ്ട്': കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി തള്ളി കേരള ഹൈക്കോടതി

'വിവാഹ മോചിതയായ മകള്‍ക്ക് ഫാമിലി പെന്‍ഷന് അര്‍ഹതയുണ്ട്': കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി തള്ളി കേരള ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ ആചാരപരമായ ചടങ്ങുകളിലൂടെയോ റജിസ്റ്റര്‍ ചെയ്ത രേഖകളിലൂടെയോ വിവാഹ മോചനം നേടിയ മകള്‍ക്ക് ഫാമിലി പെന്‍ഷന് പൂര്‍ണ അര്‍ഹതയുണ്ടെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്നുള്ള ഔദ്യോഗികമായ വിവാഹമോചന വിധി മാതാപിതാക്കളുടെ മരണ ശേഷമാണ് ലഭിച്ചതെങ്കില്‍ പോലും പെന്‍ഷന്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

മിലിട്ടറി പെന്‍ഷന്‍ ലഭിച്ചിരുന്ന അന്തരിച്ച സൈനികന്റെ വിവാഹ മോചിതയായ മകള്‍ക്ക് ഫാമിലി പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിട്ട സായുധ സേനാ ട്രൈബ്യൂണലിന്റെ കൊച്ചി റീജിയണല്‍ ബെഞ്ചിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് എസ്. മനു, ജസ്റ്റിസ് മുരളി കൃഷ്ണ എസ്. എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കണ്ണൂര്‍ ജില്ലയിലെ എരുവട്ടി സ്വദേശിനിയായ സരസ്വതി എന്ന യുവതിയുടെ ദീര്‍ഘകാലത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഈ അനുകൂല വിധി വന്നിരിക്കുന്നത്. സരസ്വതിയുടെ പിതാവ് ഇന്ത്യന്‍ ആര്‍മിയില്‍ ലാന്‍സ് ഹവില്‍ദാര്‍ നായിക് ആയി സേവനം അനുഷ്ഠിച്ചിരുന്ന ആളായിരുന്നു. ഗുരുതരമായ ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് അദേഹത്തിന് ഡിസബിലിറ്റി പെന്‍ഷന്‍ അനുവദിച്ചു.

1989 ല്‍ അദേഹം മരണപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയ്ക്ക് ഫാമിലി പെന്‍ഷന്‍ ലഭിച്ച് പോന്നു. തുടര്‍ന്ന് 2015 ല്‍ അമ്മയും മരണപ്പെട്ടതോടെയാണ് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയ്ക്കായി മകള്‍ക്ക് നിയമ പോരാട്ടം നടത്തേണ്ടി വന്നത്. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സരസ്വതി നിയമപരമായി രജിസ്റ്റര്‍ ചെയ്ത ആചാരപരമായ വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നുള്ള ഔദ്യോഗികമായ വിവാഹമോചന വിധി ലഭിച്ചത് മാതാപിതാക്കളുടെ മരണ ശേഷമായിരുന്നു. ഈ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം സരസ്വതിക്ക് പെന്‍ഷന്‍ നിഷേധിക്കാന്‍ ശ്രമിച്ചതും ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതും.

എന്നാല്‍ മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ ആചാരപരമായ രീതിയില്‍ വിവാഹ ബന്ധം വേര്‍പെടുത്തി കഴിഞ്ഞതിനാല്‍ ഇവര്‍ പെന്‍ഷന്‍ ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന ആശ്രിതയായ മകള്‍ എന്ന യോഗ്യതയ്ക്ക് പൂര്‍ണമായും അര്‍ഹയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പില്‍ക്കാലത്ത് കോടതിയില്‍ നിന്ന് ലഭിച്ച വിധി ഈ പ്രക്രിയയ്ക്ക് ഔദ്യോഗികമായ ഒരു സ്ഥിരീകരണം നല്‍കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ മാതാപിതാക്കളുടെ മരണ ശേഷം കോടതി വിധി വന്നു എന്ന കാരണം പറഞ്ഞ് പെന്‍ഷന്‍ നിഷേധിക്കുന്നത് നീതികേടാണെന്നും കോടതി നിരീക്ഷിച്ചു.

സരസ്വതിക്ക് ഉടന്‍ തന്നെ കുടിശിക അടക്കമുള്ള പെന്‍ഷന്‍ തുക കൈമാറാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.