തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടപാടുകള്‍ അടിയന്തരമായി പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വയനാട് മെഡിക്കല്‍ കോളജില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാതെ ഗോഡൗണില്‍ നശിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഈ നിര്‍ണായക നീക്കം.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലയളവില്‍ നടന്ന മുഴുവന്‍ സംഭരണങ്ങളും സമഗ്രമായ ആഭ്യന്തര ഓഡിറ്റിന് വിധേയമാക്കും. കഴിഞ്ഞ ദിവസം കോഴിക്കോട്, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മന്ത്രി നടത്തിയ മിന്നല്‍ സന്ദര്‍ശനമാണ് ആരോഗ്യ വകുപ്പിലെ വന്‍ വീഴ്ചകള്‍ പുറത്തുകൊണ്ടുവന്നത്. വയനാട് മെഡിക്കല്‍ കോളജ് ഗോഡൗണില്‍ ഒന്ന് തുറന്ന് പോലും നോക്കാത്ത നിലയില്‍ പെട്ടികളിലാക്കിയാണ് വിലകൂടിയ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒന്നിന് 20 ലക്ഷത്തിലേറെ രൂപ വില വരുന്ന ആറ് മൊബൈല്‍ മോര്‍ച്ചറി യൂണിറ്റുകള്‍ വരെ ഉള്‍പ്പെടുന്നു.
വര്‍ഷങ്ങളോളം അനാഥമായി കിടന്നതിനെ തുടര്‍ന്ന് ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ പൂര്‍ണമായും ഉപയോഗശൂന്യമായ നിലയിലാണ്. സംസ്ഥാനത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പ്രധാന ഏജന്‍സിയായ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) വഴിയുള്ള പര്‍ച്ചേസുകളാണ് പ്രധാനമായും ഓഡിറ്റ് ചെയ്യുക. ആശുപത്രികളില്‍ യഥാര്‍ത്ഥ ആവശ്യകത പരിശോധിക്കാതെയാണോ ഇവ വാങ്ങിക്കൂട്ടിയതെന്നാണ് സമിതി പ്രധാനമായും അന്വേഷിക്കുന്നത്.
നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ പട്ടിക തയ്യാറാക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സാമ്പത്തിക നഷ്ടമോ അഴിമതിയോ ബോധ്യപ്പെട്ടാല്‍ കേസ് ഉടനടി വിജിലന്‍സിന് കൈമാറാനാണ് സര്‍ക്കാരിന്റെ തീരുമാനം.