ന്യൂ ഡൽഹി : ചൈനക്കെതിരെയുള്ള പടപുറപ്പാടിൽ അമേരിക്ക ഇന്ത്യയുടെ സഹായം ആഗ്രഹിക്കുന്നു. സൈനീക സഹകരണം ശക്തമാക്കുവാനുള്ള അമേരിക്കൻ താല്പര്യം ക്വാഡ് കൂട്ടായ്‍മയിലൂടെ വ്യക്തമാക്കുന്നുണ്ട്. പക്ഷേ ചൈനയുമായി മത്സരിക്കാനുള്ള പദ്ധതികളിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ ബൈഡൻ ഭരണകൂടത്തിന് വിഘാതമായി നിൽക്കുന്നത് ഇന്ത്യയും റഷ്യയും തമ്മിലുള്ള എസ്-400 എന്ന മിസൈൽ വേധ സംവിധാനത്തിനായുള്ള കരാറാണ്.
വിവിധരീതിയിലുള്ള സഹകരണങ്ങളിലൂടെയും ഭീഷണികളിലൂടെയും ഇന്ത്യയെ വരുതിക്ക് കൊണ്ടുവരിക എന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നത്. ഓസ്ട്രേലിയ , ജപ്പാൻ ,അമേരിക്ക , ഇന്ത്യ എന്നീ രാജ്യങ്ങളുടെ സൈനീക സഹകരണ സഖ്യമായ ‘ക്വാഡ്’ ഒരു പതിറ്റാണ്ടിലേറെയായി നിലവിലുണ്ടെങ്കിലും , ചൈനയുമായുള്ള യുഎസ് പോര് രൂക്ഷമായതിനാൽ അടുത്ത കാലത്ത് അമേരിക്ക ഈ ഗ്രൂപ്പ് വീണ്ടും പൊടി തട്ടി എടുത്തു. ഇന്ത്യയ്‌ക്കും ഈ ഗ്രൂപ്പിൽ താല്പര്യം ഉണ്ട്. കാരണം ഹിമാലയൻ അതിർത്തിയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ കഴിഞ്ഞ വർഷം നടന്ന ഏറ്റുമുട്ടൽ അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തിനിടയ്ക്കുണ്ടായ ഏറ്റവും ഭീകരമായ സംഭവമായിരുന്നു.
ഇന്ത്യയുടെ വാക്സിൻ നയതന്ത്രത്തിന് ലോക രാജ്യങ്ങളുടെ ഇടയിൽ ലഭിച്ച സ്വീകാര്യത ചൈനയെ കടത്തിവെട്ടുന്നതായിരുന്നു. ഇന്ത്യയുടെ ബദ്ധശത്രുക്കളായ പാകിസ്ഥാനിൽ പോലും ഇന്ത്യയുടെ വാക്സിനാണ് വിശ്വാസ യോഗ്യം എന്ന ധാരണ ഉണ്ടാക്കാനായത് ഇന്ത്യയുടെ നേട്ടമാണ്. ഈ വാക്സിൻ നയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അമേരിക്ക സ്വീകരിക്കുന്നത് . യുഎസ് കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ രൂപകൽപ്പന ചെയ്ത കോവിഡ് -19 വാക്സിനുകൾ ഇന്ത്യയിൽ ഉൽപാദനം വിപുലീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് ബൈഡൻ ഭരണകൂടം അനുകൂലമാണ്.
ഇതോടൊപ്പം തന്നെ മതന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ച് യുഎസ് ആസ്ഥാനമായുള്ള ഗ്രൂപ്പുകളിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സർക്കാർ സമ്മർദ്ദം നേരിടുന്നുണ്ട്. സമീപകാലത്തെ കർഷകരുടെ പ്രതിഷേധവും മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്നും യുഎസ് കോൺഗ്രസ് അംഗങ്ങളിൽ നിന്നും പുതിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഇന്ത്യൻ കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കംചെയ്യാനുള്ള അഭ്യർത്ഥനകൾ പാലിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ വിമുഖത കാണിച്ചതിന് മറുപടിയായി ഫേസ്ബുക്ക് , വാട്‌സ്ആപ്പ് യൂണിറ്റ്, ട്വിറ്റർ എന്നിവിടങ്ങളിലെ ജീവനക്കാരെ ഇന്ത്യ സർക്കാർ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുള്ള ആരോപണങ്ങൾ നയതന്ത്ര ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കി. എന്നാൽ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് രേഖാമൂലമോ വാക്കാലോ സർക്കാർ ഇത്തരം ഭീഷണികൾ നൽകിയിട്ടില്ലെന്ന് ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.
യുഎസ്-ചൈന വ്യാപാര യുദ്ധത്തിനിടയിൽ ഇന്ത്യ സ്മാർട്ട്ഫോൺ നിർമ്മാണ മേഖലയിൽ ചൈനയെകടത്തി വെട്ടി ആധിപത്യം നേടുവാൻ പരിശ്രമിക്കുകയാണ്. ആഗോള വിതരണ ശൃംഖലകൾ തകർന്നപ്പോൾ ആപ്പിൾ, സാംസങ് പോലുള്ള ടെക് കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ചൈനയ്ക്ക് ബദൽ മാർഗങ്ങൾ തേടുകയും ചെയ്യുന്നു.
ചൈനയ്‌ക്കെതിരെ , ഏകോപിപ്പിച്ച ഒരു അന്താരാഷ്ട്ര തന്ത്രം കൂട്ടിച്ചേർക്കാൻ ബൈഡൻ ഭരണാധികാരികൾ ഇപ്പോൾ ശ്രദ്ധാപൂർവ്വം നീങ്ങുകയാണ്. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള ഒരു ജനാധിപത്യരാജ്യമെന്ന നിലയിൽ കാലാവസ്ഥവ്യതിയാനങ്ങൾ , ഊർജ്ജം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാനും സാങ്കേതികവിദ്യയിലും പ്രതിരോധത്തിലും സഹകരിച്ച് ചൈനയുമായുള്ള മത്സരം വർദ്ധിപ്പിക്കാനും ഇന്ത്യ ഒരു വേദിയാണെന്ന് അമേരിക്ക കരുതുന്നു.
ഈ സഹകരണത്തിന് ഒരു പ്രധാന വെല്ലുവിളിയാണ്, യുഎസ് ഉപരോധത്തിന് തന്നെ കാരണമായേക്കാവുന്ന നൂതന റഷ്യൻ എസ് -400 മിസൈൽ സംവിധാനത്തിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെടുന്നത്. ക്വാഡ് സഖ്യത്തിലെ അംഗരാജ്യങ്ങളായ ഓസ്‌ട്രേലിയയുമായും ജപ്പാനുമായുള്ള അമേരിക്കൻ സഹകരണം ഇന്ത്യയുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവർ തമ്മിൽ മികച്ച പ്രതിരോധ സഹകരണവും കൂടാതെ സ്വതന്ത്ര കമ്പോളങ്ങളെയും കുറിച്ച് ഒരേ കാഴ്ചപ്പാടുകളുമാണുള്ളത്. എന്നാൽ ചൈന ഉയർത്തുന്ന വെല്ലുവിളികളാണ് ബൈഡൻ ഭരണകൂടത്തെ ഇന്ത്യയുമായി അടുപ്പിക്കുന്നത്. “ഞങ്ങൾക്ക് നേരിടുന്ന പൊതുവായ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെപ്പോലുള്ള ഒരു പങ്കാളിയുമായി ഞങ്ങൾ പ്രവർത്തിക്കുന്നു; ചൈന ഉയർത്തുന്ന വെല്ലുവിളികൾ ഞങ്ങൾ തീർച്ചയായും തിരിച്ചറിയുന്നു” ദക്ഷിണ, മധ്യേഷ്യയുടെ ആക്ടിംഗ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഡീൻ തോംസൺ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം, പരിമിതമായ വ്യാപാര കരാർ തുടങ്ങിയ മേഖലകളിൽ രണ്ടു രാജ്യങ്ങളും തമ്മിൽ സഹകരണത്തിനുള്ള സാധ്യതകൾ രൂപം കൊള്ളുന്നു. ചൈനയുടെ ആക്രമണാത്മക പെരുമാറ്റത്തെക്കുറിച്ച് ഇരുപക്ഷവും ആശങ്കകൾ പങ്കുവയ്ക്കുന്നു, അതിനാൽ ബൈഡൻ ഭരണകൂടം, മനുഷ്യാവകാശ സംഘടനകൾ ഇന്ത്യയുടെമേൽ ആരോപിക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകുമോ എന്ന് കണ്ടറിയണം.
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തു. റഷ്യൻ മിസൈൽ സംവിധാനം ഏറ്റെടുക്കുന്നത് ഉപേക്ഷിക്കണമെന്ന് സ്ഥാനമൊഴിയുന്നതിനുമുമ്പ്, ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടു. അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയ റഷ്യയെപ്പോലുള്ള ആയുധ വിതരണക്കാരിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് അമേരിക്ക തടയുന്നു. ഉപരോധത്തിന് തന്നെ കാരണമാകുന്ന കരാറിൽ നിന്ന് ഇന്ത്യയെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഈ കരാറുമായി ഇന്ത്യ മുന്നോട്ട് പോയാൽ ബൈഡൻ ഭരണകൂടം ഇളവ് നൽകുമോ എന്ന് പറയാൻ മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു.
എസ് 400 മിസൈൽ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ ഇതിനകം 800 മില്യൺ ഡോളർ റഷ്യക്ക് കൈ മാറിക്കഴിഞ്ഞു . 5.5 ബില്യൺ ഡോളറിന്റെ ഇടപാടിലെ ആദ്യ സെറ്റ് ഉപകരണങ്ങൾ ഈ വർഷാവസാനം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാനുമായും ചൈനയുമായും അസ്വസ്ഥതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രതിരോധിക്കാൻ റഷ്യൻ സംവിധാനവുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ അമേരിക്ക മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ മുസ്ലീം ന്യൂനപക്ഷത്തോട് വിവേചനം കാണിക്കുന്ന നയങ്ങളെക്കുറിച്ച് യുഎസ് ആസ്ഥാനമായുള്ള ഗ്രൂപ്പുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനും അദ്ദേഹത്തിന്റെ ബിജെപി പാർട്ടിക്കും മേൽ - സമ്മർദ്ദം ചെലുത്തുന്നു. 2019 ലെ പൗരത്വ നിയമവും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ച, യുഎസ്-സർക്കാർ ധനസഹായമുള്ള ഗവേഷണ ഗ്രൂപ്പായ ഫ്രീഡം ഹൌസ് , വാർഷിക ജനാധിപത്യ റാങ്കിംഗിൽ, 1997 ന് ശേഷം ആദ്യമായി ഇന്ത്യയെ “ഭാഗിക സ്വതന്ത്ര” രാജ്യമായി തരംതാഴ്ത്തി. മാധ്യമ പ്രവർത്തകരോടും മുസ്ലീങ്ങളോടും മറ്റ് ന്യൂനപക്ഷങ്ങളോടും ഇന്ത്യ പെരുമാറുന്നത് മോശമായിട്ടാണ് എന്നുള്ള റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഈ നടപടി.
കൃഷിക്കാരുടെ സമീപകാല പ്രതിഷേധം മോഡി സർക്കാർ കൈകാര്യം ചെയ്യുന്നതിലും അമേരിക്കയ്ക്ക് ആശങ്ക ഉണ്ട്. കാർഷിക വിപണികൾ നിയന്ത്രണ വിധേയമാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കർഷകർ കഴിഞ്ഞ കുറച്ച് മാസങ്ങളായി ദില്ലിക്ക് ചുറ്റുമുള്ള റോഡുകളിൽ തമ്പടിച്ചിട്ടുണ്ട്. അഭിഭാഷകയും അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളുമായ മീന ഹാരിസ് മോഡിസർക്കാരിന്റെ കടുത്ത വിമർശകയാണ്. ബൈഡൻ ഭരണത്തിൽ യാതൊരു പങ്കുമില്ലാത്ത മീന ഹാരിസ്, മോദിയുടെ ഭരണത്തെ ഫാസിസവുമായി ഉപമിക്കുകയും “അക്രമാസക്തമായ ഹിന്ദു തീവ്രവാദ” ത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ബൈഡൻ ഭരണകൂടത്തിന് ചൈനയെ നേരിടാൻ, ഇന്ത്യ ഒഴിവാക്കാനാവാത്ത സഖ്യ ശക്തിയാണ്. ഇന്ത്യക്കെതിരെ ഉയരുന്ന എതിർപ്പുകളെ ഉയർത്തിക്കാട്ടി ഇന്ത്യയെ സ്വന്തംഭാഗത്ത് നിറുത്തുക എന്ന തന്ത്രമായിരിക്കും അമേരിക്ക സ്വീകരിക്കുന്നത് എന്ന് നയതന്ത്ര നിരീക്ഷകർ കരുതുന്നു . പ്രസിദ്ധമായ മോഡി- ട്രംപ് സൗഹൃദത്തിന് ഒപ്പംനിൽക്കുവാൻ ബൈഡൻ-ട്രംപിന് ആകുകയില്ല എങ്കിലും ഇന്ത്യയെ അമേരിക്കയുടെ ഒപ്പം നിറുത്തുവാൻ ബൈഡൻ പരമാവധി പരിശ്രമിക്കും.