ചിക്കാഗോ: ഭാരതസഭയുടെ പ്രവാസമേഖലയിലെ അഭിമാനകരമായ നേട്ടമായി മാറിയ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് ചിക്കാഗോ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ വിപുലമായ തുടക്കം കുറിച്ചു. സഭയുടെ പൈതൃകവും വിശ്വാസവും വരുംതലമുറകളിലേക്ക് പകരുന്നതിനുള്ള മഹത്തായ സംഗമമായി ഈ കൺവെൻഷൻ മാറി.
രൂപതയുടെ പ്രഥമ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് കൺവെൻഷന് ഔദ്യോഗിക തുടക്കമായത്. പ്രവാസ ലോകത്ത് സീറോ മലബാർ സഭയുടെ വേരുകൾ ആഴത്തിൽ ഉറപ്പിക്കാൻ കഴിഞ്ഞതിന്റെ കൃതജ്ഞതാ നിർഭരമായ നിമിഷങ്ങൾക്കാണ് വിശ്വാസികൾ സാക്ഷ്യം വഹിച്ചത്.
ചിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന രജതജൂബിലി കൺവൻഷനിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 5,000-ത്തിലധികം വിശ്വാസികൾ പങ്കെടുക്കുന്നുണ്ട്.
.jpg)
കൺവൻഷന്റെ ഭാഗമായി അവതരിപ്പിച്ച 'ജെറുസലേം കംസ് എലൈവ്' എന്ന പ്രത്യേക രംഗാവിഷ്‌കാരം ഏറെ ശ്രദ്ധേയമായി. യേശുവിന്റെ കാലഘട്ടത്തിലെ ജറുസലേമിന്റെ കാഴ്ചകളും ശബ്ദങ്ങളും സംസ്കാരവും ജീവിതശൈലിയും അതേപടി പുനഃസൃഷ്ടിച്ച പരിപാടി സുവിശേഷകാലത്തിലേക്കുള്ള അനുഭവയാത്രയായി വിശ്വാസികൾക്ക് സമ്മാനിച്ചു.
തുടർന്ന് അവതരിപ്പിച്ച 'ഫ്രം ക്രോസ് ടു ദ നേഷൻസ്' എന്ന രംഗാവിഷ്‌കാരം, വിശുദ്ധ തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസ പാരമ്പര്യവും ലോകമെങ്ങും സുവിശേഷം അറിയിക്കാനുള്ള ക്രിസ്തുവിന്റെ ദൗത്യവും വരും തലമുറകളിലേക്ക് കൈമാറേണ്ടതിന്റെ സന്ദേശം ശക്തമായി അവതരിപ്പിച്ചു.
തുടർന്നാണ് രജത ജൂബിലി കൺവൻഷന്റെ ഉദ്ഘാടന സമ്മേളനം നടന്നത്. സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പുനസുവിശേഷവത്കരണ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും പുതിയ പ്രതിബദ്ധതയോടെ മുന്നേറാനും രജതജൂബിലി അവസരമൊരുക്കുന്നുവെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. അമേരിക്കയിലെ ലത്തീൻ രൂപതകൾ നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും മേജർ ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 25 വർഷത്തിനിടെ ദൈവമഹത്വത്തിനായി രൂപത നടത്തിയ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
.jpeg)
ചിക്കാഗോ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ചിക്കാഗോ അതിരൂപതാധ്യക്ഷൻ കർദിനാൾ ബ്ലെയ്സ് ജെ. സുപിച്ച് മുഖ്യപ്രഭാഷണം നടത്തി. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികവും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും ആചരിക്കുന്ന ജൂലൈ മാസത്തിൽ തന്നെയാണ് ചിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങൾ നടക്കുന്നതെന്നത് ഏറെ അർഥവത്താണെന്ന് കർദിനാൾ പറഞ്ഞു.

മതാന്തര സംവാദത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ചിക്കാഗോ സീറോ-മലബാർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കാനഡയിലെ മിസിസാഗ സീറോ-മലബാർ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ആത്മീയ ശുശ്രൂഷകൾ, പ്രഭാഷണങ്ങൾ, വിശ്വാസസാക്ഷ്യങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയോടെ ജൂബിലി കൺവൻഷൻ തുടരുകയാണ്. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5,000-ത്തിലധികം വിശ്വാസികളുടെ സാന്നിധ്യമാണ് കൺവൻഷനെ ശ്രദ്ധേയമാക്കുന്നത്.