ഡാളസ്: ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ടീം കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ പ്രാർത്ഥനയെക്കുറിച്ചുള്ള വാക്കുകൾ ചർച്ചയാകുന്നു. മത്സരങ്ങളിൽ വിജയിക്കുന്നതിനായല്ല മറിച്ച് ദൈവിക കൃപകൾക്ക് നന്ദി പറയാനാണ് താൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നതെന്ന് അദേഹം വെളിപ്പെടുത്തി.
"ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ട്. അത് ലോകകപ്പിൽ ഉള്ളതുകൊണ്ടോ മത്സരത്തിൽ വിജയിക്കാൻ വേണ്ടിയോ അല്ല. ഓരോ ദിവസവും നല്ല ആരോഗ്യത്തോടെ ഉണരുമ്പോൾ ജീവിതം ആസ്വദിക്കാൻ ഒരു ദിവസം കൂടി ലഭിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയാറുണ്ട്," കോച്ച് പറഞ്ഞു. ദൈവത്തോട് വിജയം ചോദിക്കുന്നത് അനീതിയാണെന്ന് കരുതുന്ന കോച്ച് മത്സരത്തിൽ തുല്യമായ അവസരവും പൊരുതാനുള്ള ആരോഗ്യവുമാണ് താൻ പ്രാർത്ഥനയിൽ ആവശ്യപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു.
തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതിൽ അദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മത്സരങ്ങൾക്ക് മുൻപ് താൻ കുരിശടയാളം വരയ്ക്കുന്നത് അന്ധവിശ്വാസം കൊണ്ടല്ല മറിച്ച് തന്റെ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രകടനമാണെന്ന് ലൂയിസ് വ്യക്തമാക്കി. "ഞാനൊരു പോരാളിയാണ്, പൊരുതി ജയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അതിന് ആരോഗ്യം വേണം. പൊരുതാനുള്ള അവസരങ്ങൾ നൽകണേ എന്ന് മാത്രമാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുള്ളത്," അദേഹം വിശദീകരിച്ചു.