ജനസാഗരത്തിലെ ദീപ്തനക്ഷത്രം; ഓർമ്മയിലെ ഉമ്മൻ ചാണ്ടിക്ക് പ്രഭയേറുന്നു

ജനസാഗരത്തിലെ ദീപ്തനക്ഷത്രം; ഓർമ്മയിലെ ഉമ്മൻ ചാണ്ടിക്ക് പ്രഭയേറുന്നു

"വാക്ശരങ്ങൾ കൊണ്ട് വേട്ടയാടപ്പെട്ട നീതിമാന്റെ ഓർമ്മദിനം വെറുമൊരു അനുസ്മരണമല്ല; അത് കാലം കാത്തുവെച്ച നീതിവിചാരത്തിന്റേത് കൂടിയാണ്. അനുകരണങ്ങൾക്ക് അതീതനായ ആ ജനനേതാവിന്റെ ഓർമ്മകൾ, സമകാലിക കോൺഗ്രസിന്റെ ദിശാസൂചികയും മേൽവിലാസവുമാണ്."

കേരള രാഷ്ട്രീയത്തിന്റെ ചരിത്രവഴികളിൽ ജനക്കൂട്ടത്തെ തന്റെ വിലാസമാക്കിയ ഒരു ജനനായകന്റെ ഓർമ്മകൾക്ക് കാലം ചെല്ലുന്തോറും പ്രഭയേറുകയാണ്. പുതുപ്പള്ളിയിലെ തിണ്ണയിൽ നിന്ന് തുടങ്ങി കേരളത്തിന്റെ ഭരണസിംഹാസനം വരെ നീണ്ട ആ അദ്ഭുത പ്രതിഭാസം കടന്നുപോയിട്ടും, മലയാളിയുടെ മനസിൽ ആ സാന്നിധ്യം കൂടുതൽ ദൃഢമാവുകയാണ് ചെയ്യുന്നത്. മരണശേഷവും ജനഹൃദയങ്ങളിൽ ജീവിക്കുകയും ജയിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ ഓർമ്മദിനം അതുകൊണ്ടുതന്നെ അത്രമേൽ വൈകാരികമായാണ് മലയാളി നെഞ്ചിലേറ്റുന്നത്.

അധികാരത്തിന്റെ ഇടനാഴികളിലും തെരുവുകളിലും ഒരുപോലെ വേട്ടയാടപ്പെട്ട ചരിത്രമുണ്ട് ഉമ്മൻ ചാണ്ടിക്ക്. ക്രൂരമായ വാക്ശരങ്ങളും അധിക്ഷേപങ്ങളും കൊണ്ട് ശത്രുക്കൾ അദ്ദേഹത്തിന്റെ നേരെ തൊടുത്തുവിട്ട അസ്ത്രങ്ങളെയെല്ലാം വെറുമൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം നേരിട്ടത്. പ്രതിസന്ധികളിൽ തളരാതെ തന്നെ വിശ്വസിച്ചവർക്കായി നിലകൊണ്ട ആ നീതിമാനെ കാലം ഇന്ന് കൃത്യമായി വേർതിരിച്ചുകാട്ടുന്നു. അന്ന് ഉയർന്ന ആരോപണങ്ങളുടെ പുകമറകളെല്ലാം പൂർണ്ണമായി മാറിനിൽക്കുമ്പോൾ ചരിത്രം അദേഹത്തിന് നൽകുന്നത് സമാനതകളില്ലാത്ത ശുദ്ധിപത്രമാണ്.

ഈ ഓർമ്മദിനം അതുകൊണ്ടുതന്നെ ആ വലിയ മനുഷ്യനോട് കാലം ചെയ്യുന്ന യഥാർത്ഥ നീതിവിചാരം കൂടിയായി മാറുന്നു.
ഭരണാധികാരി എന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ മികവ് കേരള വികസനത്തിന്റെ സുവർണ്ണ അധ്യായമാണ് അടയാളപ്പെടുത്തുന്നത്. 'വികസനവും കരുണയും' എന്നതായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ ഭരണമുദ്ര.

കൊച്ചി മെട്രോയും, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും, കണ്ണൂർ വിമാനത്താവളവും പോലുള്ള വൻകിട പദ്ധതികൾക്ക് ജീവൻ നൽകിയ ദീർഘവീക്ഷണം ഒരുവശത്ത് ജ്വലിച്ചുനിന്നപ്പോൾ, മറുപുറത്ത് ഭരണകൂടത്തെ സാധാരണക്കാരന്റെ ഉമ്മറപ്പടിയിലെത്തിച്ച ലോകപ്രശസ്തമായ 'ജനസമ്പർക്ക പരിപാടി' അദേഹം നടപ്പിലാക്കി.

സെക്രട്ടേറിയറ്റിന്റെ അടച്ചുപൂട്ടിയ എസി മുറികളിലിരുന്നല്ല, മറിച്ച് ജനങ്ങളുടെ വിയർപ്പുമണക്കുന്ന ആൾക്കൂട്ടത്തിനിടയിലിരുന്നാണ് ഫയലുകളിൽ ഒപ്പിട്ടത്. അർദ്ധരാത്രിയിലും സഹായമഭ്യർത്ഥിച്ചെത്തുന്ന രോഗിക്കും നിർദ്ധനനും ഉമ്മൻ ചാണ്ടി ഒരു മുഖ്യമന്ത്രി മാത്രമായിരുന്നില്ല മറിച്ച് താങ്ങും തണലുമായിരുന്നു.

വ്യക്തിയേക്കാൾ വലുതാണ് പ്രസ്ഥാനമെന്ന് ആത്മാർത്ഥമായി വിശ്വസിച്ച നേതാവായിരുന്നു അദ്ദേഹം. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിലും കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ വേരുകൾക്ക് ബലമേകാൻ അദ്ദേഹം സ്വയം സമർപ്പിച്ചു. പാർട്ടി ലീഡർഷിപ്പിനെതിരെ തിരുത്തൽ ശക്തിയായി വിമർശനങ്ങൾ ഉന്നയിച്ചപ്പോഴും അധികാരസ്ഥാനങ്ങളിലിരുന്നവർക്കെതിരെ പോരാടിയപ്പോഴും അടിത്തട്ടിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ അദേഹം എപ്പോഴും നെഞ്ചോട് ചേർത്തുനിർത്തി.

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് അതിന്റെ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ, ഉമ്മൻ ചാണ്ടി എന്ന പേരും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയും തന്നെയാണ് ആ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ മേൽവിലാസമായി നിലകൊള്ളുന്നത്.

ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ല എന്ന് പറയുന്നത് കേവലം ഒരു രാഷ്ട്രീയ വാചകമല്ല, അതൊരു നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. ആൾക്കൂട്ടമായിരുന്നു അദ്ദേഹത്തിന്റെ ശ്വാസം; ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ലഹരി. കൂടെ നിന്നവരെ എന്ത് വിലകൊടുത്തും സ്നേഹിക്കാനും സംരക്ഷിക്കാനും മടിക്കാത്ത ആ വലിയ മനസ് ഇനി ചരിത്രത്തിന്റെ ഭാഗമാണ്. ആ ദീപ്ത സ്മരണകൾക്ക് മുന്നിൽ മലയാളക്കരയുടെ കണ്ണീരണഞ്ഞ ബാഷ്പാഞ്ജലി!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.