കൊച്ചി: ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ മത്സരത്തിനെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങിയ ശേഷം കരാര്‍ ലംഘിച്ചതായി ആരോപിച്ച് അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷനെതിരെ സ്‌പോണ്‍സര്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എ.എഫ്.എയ്ക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ നിയമപോരാട്ടം.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൂസെയ്ന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചത്. മുന്‍കൂറായി നല്‍കിയ തുകയും അതിന്റെ പലിശയും നഷ്ടപരിഹാരവും ഉള്‍പ്പെടെ 500 കോടിയോളം രൂപ എ.എഫ്.എ തിരികെ നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലയണല്‍ മെസി ഉള്‍പ്പെട്ട പൂര്‍ണ സജ്ജമായ ടീം കേരളത്തിലെത്താന്‍ 330 കോടി രൂപയാണ് എ.എഫ്.എ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ആദ്യ ഗഡുവായി 140 കോടി രൂപയും പിന്നീട് രണ്ടാം ഘട്ടമായി 190 കോടി രൂപയും പൂര്‍ണമായി കൈമാറിയതായി സ്‌പോണ്‍സര്‍മാര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുമെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്ന കലൂരിലെ ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പര്യടനം ഈ വര്‍ഷം മാര്‍ച്ചിലെ അന്താരാഷ്ട്ര വിന്‍ഡോയിലേക്ക് മാറ്റിയതായി പിന്നീട് അറിയിപ്പ് ലഭിച്ചു. എന്നാല്‍ മാര്‍ച്ചിലും ടീം എത്താന്‍ തയ്യാറാകാതിരുന്നതോടെയാണ് സ്‌പോണ്‍സര്‍മാര്‍ അന്താരാഷ്ട്ര അഭിഭാഷകര്‍ മുഖേന നിയമ നടപടി ആരംഭിച്ചത്.
ടീമിന്റെ കേരളത്തിലേക്കുള്ള വരവിന്റെ കാര്യത്തില്‍ ഇനി കോടതിവിധി വന്നതിന് ശേഷമേ തീരുമാനമെടുക്കൂ എന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിന്‍ അറിയിച്ചു. വലിയ തുകയാണ് എ.എഫ്.എയ്ക്ക് കൈമാറിയതെന്നും വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.