ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 73 ലക്ഷം കവര്‍ന്നു: യുഎഇയിലെ മലയാളി സംഘത്തിനെതിരെ നാട്ടിലും കേസ്

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 73 ലക്ഷം കവര്‍ന്നു: യുഎഇയിലെ മലയാളി സംഘത്തിനെതിരെ നാട്ടിലും കേസ്

തായിപ്പറമ്പില്‍ മുഹമ്മദ് റഷീദിന്റെ പാസ്‌പോര്‍ട്ടിലെ ചിത്രവും പരാതിക്കാരനായ അല്ലാഹ് നൂര്‍ മാലിക് ഹാജി സാഹിബ് ജാനും

പൊന്നാനി: ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുമായി ബന്ധം സ്ഥാപിച്ച ശേഷം വ്യാജ ബിസിനസ് വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്ന മലയാളി സംഘത്തിനെതിരെ പരാതികള്‍ ശക്തമാകുന്നു. യുഎഇയില്‍ മെറ്റീരിയല്‍ ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശി അല്ലാഹ് നൂര്‍ മാലിക് ഹാജി സാഹിബ് ജാനാണ് തനിക്ക് നഷ്ടപ്പെട്ട 2.79 ലക്ഷം യുഎഇ ദിര്‍ഹം (ഏകദേശം 73 ലക്ഷത്തിലധികം രൂപ) വീണ്ടെടുക്കാന്‍ മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശികളായ തായിപ്പറമ്പില്‍ മുഹമ്മദ് റഷീദ്, അനസ് മത്തുങ്ങല്‍ താഴത്തേതില്‍ എന്നിവര്‍ക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

അല്‍ ഐനിലെ പ്രമുഖ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് റഷീദുമായി അല്ലാഹ് നൂര്‍ അടുപ്പത്തിലാകുന്നത്. സഹപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ബന്ധം മുതലെടുത്ത്, സ്വന്തമായി വ്യവസായ സംരംഭം തുടങ്ങി വന്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് റഷീദ് തട്ടിപ്പിന് തറക്കല്ലിട്ടത്. സുഹൃത്തായ അനസിനെയും കൂട്ടത്തില്‍ ചേര്‍ത്ത് ലാഭകരമായ പ്രോജക്റ്റുകള്‍ കൈവശമുണ്ടെന്ന് ഉറപ്പുനല്‍കി അല്ലാഹ് നൂറില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്നും വന്‍തുകകള്‍ പ്രതികള്‍ കൈപ്പറ്റി.

2016 ഏപ്രിലില്‍ നല്‍കിയ 2,64,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിങ്ങനെയുള്ള രണ്ട് ബാങ്ക് ചെക്കുകള്‍ വഴിയാണ് തുക നല്‍കിയത്. പണം തിരിച്ചുകിട്ടാതായതോടെ ബാങ്കില്‍ ഹാജരാക്കിയ ചെക്കുകള്‍ അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് അല്ലാഹ് നൂര്‍ അല്‍ ഐന്‍ ക്രിമിനല്‍ കോടതിയെ സമീപിച്ച് കേസ് ഫയല്‍ ചെയ്തു.

കേസ് വിശദമായി പരിഗണിച്ച വിദേശ കോടതി റഷീദിനെ കുറ്റക്കാരനായി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ശിക്ഷാ നടപടികളില്‍ നിന്നും ജയില്‍ വാസത്തില്‍ നിന്നും രക്ഷപ്പെടാന്‍ റഷീദ് വ്യാജ മാര്‍ഗങ്ങളിലൂടെ യുഎഇയില്‍ നിന്നും നാടുവിടുകയായിരുന്നു. നിലവില്‍ റഷീദ് എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും വിച്ഛേദിച്ച് ഒളിവിലാണെന്നും എന്നാല്‍ ഇയാളുടെ കൂട്ടാളി അനസ് ഇപ്പോഴും യുഎഇയില്‍ തന്നെ തുടരുന്നുണ്ടെന്നാണ് സംശയമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നഷ്ടപ്പെട്ടതോടെ കേരളത്തിലെ നിയമ സംവിധാനങ്ങള്‍ വഴി നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ഇരയായ പാക് പൗരന്‍ രംഗത്തെത്തിയിട്ടുണ്ട്. പൊന്നാനി ഡിവൈഎസ്പിക്കും എസ്എച്ച്ഓയ്ക്കും ഔദ്യോഗികമായി പരാതി നല്‍കിയതിന് പുറമെ മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കും വിദേശ കോടതി വിധിയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നല്‍കി.

മലയാളി പ്രൊഫഷണലുകളോട് തനിക്ക് എന്നും ബഹുമാനമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ആ നല്ല അന്തരീക്ഷത്തെ ചില വ്യക്തികള്‍ സ്വന്തം ലാഭത്തിനായി ദുരുപയോഗം ചെയ്തതാണ് ഇത്തരം ചതികളിലേക്ക് നയിച്ചതെന്നും അല്ലാഹ് നൂര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.