ഒറ്റക്കക്ഷിയുടെ ആധിപത്യത്തിലുള്ള പാർലമെന്റിനെക്കുറിച്ച് ആശങ്ക വേണ്ട; മാര്‍ക്ക് മഗോവന്‍

ഒറ്റക്കക്ഷിയുടെ ആധിപത്യത്തിലുള്ള  പാർലമെന്റിനെക്കുറിച്ച് ആശങ്ക വേണ്ട;  മാര്‍ക്ക് മഗോവന്‍

പെർത്ത്: ഒറ്റക്കക്ഷിയുടെ ആധിപത്യത്തിലുള്ള പാർലമെന്റിനെക്കുറിച്ച് ആശങ്ക വേണ്ടെന്നു പടിഞ്ഞാറന്‍ ഓസ്‌ട്രേലിയൻ പ്രീമിയറും ലേബര്‍ പാര്‍ട്ടി നേതാവുമായ മാര്‍ക്ക് മഗോവന്‍. മൃദു സമീപനമുള്ള ഭരണമായിരിക്കും തന്റെ നേതൃത്വത്തിലുള്ള സർക്കാർ കാഴ്ചവയ്ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ക്ക് മഗോവന്‍.
പ്രതിപക്ഷമായ ലിബറല്‍ - നാഷണല്‍ സഖ്യത്തെ തകർത്തെറിഞ്ഞാണ് ലേബര്‍ പാര്‍ട്ടി പാർലമെന്റിലെ ഇരു സഭകളിലും ഭൂരിപക്ഷമുറപ്പിച്ചത്. ഇന്ത്യയ്ക്ക് അഭിമാനമായി തമിഴ്‌നാട് സ്വദേശിയും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോ. ജഗദീഷ് കൃഷ്ണനും റിവര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.
പുരോഗമനചിന്താഗതിയും ഉത്തരവാദിത്തവും കരുതലുമുള്ള നേതൃത്വമായി ജനം തങ്ങളെ അംഗീകരിച്ചതിന്റെ ഫലമാണ് ഈ വിജയമെന്ന് മാര്‍ക്ക് മഗോവന്‍ പറഞ്ഞു.
ലോവർ ഹൗസിൽ 59 ൽ 52 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി നേടിയത്. വോട്ടെടുപ്പ് തുടരുന്നതിനാൽ അപ്പർ ഹൗസിലെ സീറ്റുകൾ സംബന്ധിച്ച അന്തിമഫലം വന്നിട്ടില്ല. അവിടെയും വൻ ഭൂരിപക്ഷമാണ് ലേബര്‍ പാര്‍ട്ടി അംഗങ്ങൾ പ്രതീക്ഷിക്കുന്നത്.
അതേസമയം, മാര്‍ക്ക് മഗോവന്റെ എതിരാളിയും ലിബറല്‍ പാര്‍ട്ടി നേതാവുമായ സാക്ക് കിര്‍കപ് ഡവെസ്‌വില്‍ സീറ്റില്‍ ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ 88 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവ് സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെടുന്നത്.
ഹരിത ഊർജ്ജ നയത്തിലെ പാളിച്ചകളും കോവിഡ് മഹാമാരിയുടെ മൂർദ്ധന്യത്തിൽ അതിർത്തികൾ വീണ്ടും തുറക്കാൻ ആവശ്യപ്പെട്ടതും ലിബറല്‍ പാര്‍ട്ടിയുടെ കനത്ത തകർച്ചയ്ക്ക് കാരണമായതായി മുൻ പ്രതിപക്ഷ നേതാവ് മൈക്ക് നഹാൻ ആരോപിച്ചു. പാർട്ടിയിലെ പവർ ബ്രോക്കർമാരുടെ സ്വാധീനം പരിശോധിക്കേണ്ടതുണ്ടെന്നും മൈക്ക് നഹാൻ പറഞ്ഞു. കനത്ത തോൽ‌വിയിൽ ലിബറല്‍ പാര്‍ട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.