നെടുങ്കണ്ടം: ചായക്കട കേന്ദ്രീകരിച്ച് പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ച് ലഹരിവിൽപന നടത്തിവന്ന കടയുടമ ഉടുമ്പൻചോല എക്‌സൈസിന്റെ പിടിയിലായി. 'പേപ്പർ ഇക്ക' എന്നറിയപ്പെടുന്ന നെടുങ്കണ്ടം കാരിശ്ശേരി സ്വദേശി മജീദ് ഹാസിം ആണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. ഇയാളുടെ ടീഷോപ്പിൽ നിന്നും വസതിയിൽ നിന്നുമായി 22 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 പായ്ക്കറ്റ് ഒ.സി.ഡി. പേപ്പറുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ടൗണിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എക്സൈസ് ഉദ്യോഗസ്ഥരായ രതീഷ് കുമാർ, ടിൽസ് ജോസഫ്, സുബിൻ വർഗീസ് എന്നിവർ ലഹരിക്കച്ചവടത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പരിശോധന ശക്തമാക്കുകയായിരുന്നു. 'പൊടി ചായ' എന്ന് ആവശ്യപ്പെടുന്നവർക്ക് 75 രൂപയ്ക്ക് ചായയോടൊപ്പം ഹാൻസും 'ഡബിൾ സ്‌ട്രോങ് ചായ' ചോദിക്കുന്നവർക്ക് 115 രൂപയ്ക്ക് ഒ.സി.ഡി പേപ്പറും നൽകുന്നതായിരുന്നു ഇയാളുടെ വിൽപനരീതി. ഓൺലൈൻ സൈറ്റുകൾ വഴി കുറഞ്ഞ വിലയ്ക്ക് ഒ.സി.ഡി പേപ്പറുകൾ വാങ്ങി ഗുണനിലവാരം അനുസരിച്ച് 200 മുതൽ 500 രൂപ വരെ ഈടാക്കിയാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്.
പിടിയിലായ മജീദിന്റെ കടയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി നെടുങ്കണ്ടം പഞ്ചായത്തിന് എക്സൈസ് ഉടൻ റിപ്പോർട്ട് നൽകും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് നായരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രതീഷ്‌കുമാർ, രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ പി. വർഗീസ്, ടിൽസ് ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി. അശ്വതി, ഷിബു ജോസഫ് എന്നിവരും പങ്കെടുത്തു.