ഗുപ്ത ജീവിച്ചത് മക്കള്‍ക്കു വേണ്ടി; മരണ നേരത്ത് ആരുമില്ലാതെ മടക്കം: മക്കള്‍ക്കെല്ലാം തിരക്കോട് തിരക്ക്

ഗുപ്ത ജീവിച്ചത് മക്കള്‍ക്കു വേണ്ടി;  മരണ നേരത്ത് ആരുമില്ലാതെ മടക്കം: മക്കള്‍ക്കെല്ലാം തിരക്കോട് തിരക്ക്

'ചിത കത്തിത്തീരാന്‍ ഇനി എത്ര സമയമെടുക്കും?.. ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ളതാണ്'- വീഡിയോ കോളില്‍ മകള്‍!

മുംബൈ: മൂന്ന് പെണ്‍മക്കളെ വളര്‍ത്തുന്നതിനും പഠിപ്പിക്കുന്നതിനുമായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച പിതാവിന്റെ സംസ്‌കാര ചടങ്ങിന് പോലും എത്താതെ മക്കള്‍. പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ വൃദ്ധ സദനത്തില്‍ പിതാവിന്റെ ശരീരം തീജ്വാലകള്‍ എറ്റുവാങ്ങുന്നത് മക്കള്‍ കണ്ടത് വീഡിയോ കോളിലൂടെ.

പിതാവിന്റെ സംസ്‌കാര ചടങ്ങിനെത്താന്‍ സമയമില്ലെന്നാണ് മൂന്ന് പെണ്‍മക്കളും വൃദ്ധസദന്‍ അധികൃതരെ അറിയിച്ചത്. നേപ്പാള്‍, ഉത്തര്‍പ്രദേശ്, മുംബൈ എന്നിവിടങ്ങളിലിരുന്നാണ് മൂവരും വീഡിയോ കോളിലൂടെ പിതാവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ കണ്ടത്.

'ചിത കത്തി തീരാന്‍ ഇനി എത്ര സമയമെടുക്കും? ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ളതാണ്' എന്ന് അവരിലൊരാള്‍ പറയുന്നതും വീഡിയോയില്‍ കാണാം.

മുംബൈ സ്വദേശിയും ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് മുന്‍ ഉടമയുമായ ശിവ്തരണ്‍ രത്തന്‍ ഗുപ്തയാണ് വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഹരിയാനയിലെ സോനിപതില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ഉടന്‍ തന്നെ മരണവിവരം അധികൃതര്‍ മക്കളെ അറിയിച്ചെങ്കിലും എത്താല്‍ സമയമില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു.

ഒന്നര വര്‍ഷമായി സോനിപതിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാണ്‍ ശിക്ഷാ സമിതി നടത്തുന്ന വൃദ്ധ സദനത്തിലെ അന്തേവാസിയായിരുന്നു അദ്ദേഹം. ഭാര്യ മീനയ്ക്കൊപ്പമാണ് ഗുപ്ത ഇവിടെ എത്തിയത്. എന്നാല്‍ ഭാര്യ മരണപ്പെട്ടതോടെ ഗുപ്ത തനിച്ചായി.

മൊബൈല്‍ ഫോണിലൂടെ ഗുപ്ത പതിവായി മക്കളുമായി സംസാരിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം രോഗബാധിതനായതോടെ അവരുടെ ഫോണ്‍ കോളുകള്‍ നിലച്ചെന്നും വൃദ്ധ സദനത്തിന്റെ അധികൃതര്‍ പറഞ്ഞു.

മരിക്കുന്നതിന് ഏകദേശം ഇരുപത് ദിവസം മുന്‍പ് പിതാവിന്റെ ആരോഗ്യനില വഷളായ വിവരം മക്കളെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ അവര്‍ തയ്യാറായിരുന്നില്ല. മരണശേഷം അധികൃതര്‍ വീണ്ടും മക്കളെ ബന്ധപ്പെടുകയും സോനിപത്തില്‍ എത്തുകയാണെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാമെന്നും വൃദ്ധ സദനം അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍ സമയമില്ലെന്ന് പറഞ്ഞ് അവര്‍ മനപൂര്‍വ്വം ഒഴിവായതായും തുടര്‍ന്ന് മൂവരും വീഡിയോ കോളിലൂടെ സംസ്‌കാരചടങ്ങുകള്‍ കാണുകയായിരുന്നെന്നും വൃദ്ധ സദനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആനന്ദ് കുമാര്‍ പറഞ്ഞു.

നേപ്പാളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന മൂത്തമകള്‍ അനിത പിതാവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്കായി 5,100 രൂപ ഓണ്‍ലൈനായി അയച്ചു നല്‍കിയതായും സംസ്‌കാര ശേഷം ചടങ്ങുകളുടെ വീഡിയോ അയച്ചു തരണമെന്ന് മക്കള്‍ ആവശ്യപ്പെട്ടതായും അധികൃതര്‍ പറയുന്നു.

മൂന്ന് പെണ്‍മക്കളെ വളര്‍ത്തുന്നതിനും പഠിപ്പിക്കുന്നതിനുമായിരുന്നു ഗുപ്ത ജീവിതത്തില്‍ എറ്റവുമധികം ശ്രദ്ധ നല്‍കിയത്. അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും നല്‍കി. മക്കളുടെ നേട്ടങ്ങളില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു. ഗുപ്തയുടെ രണ്ട് പെണ്‍മക്കള്‍ അധ്യാപികമാരാണ്. മൂത്ത മകള്‍ അനിത നേപ്പാളിലും രണ്ടാമത്തെ മകള്‍ നിഷ ഉത്തര്‍പ്രദേശിലെ അസംഗഢിലും ഇളയമകള്‍ പ്രിയ മുംബയിലുമാണ് താമസം. മൂന്നുപേരും വിവാഹിതരാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.