ഉറക്കം നടിക്കുന്ന ദുരന്തനിവാരണം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളി സംഘടനകളും

ഉറക്കം നടിക്കുന്ന ദുരന്തനിവാരണം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളി സംഘടനകളും

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങള്‍ക്ക് പിന്നാലെ, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും ദുരന്തനിവാരണ ഏജന്‍സിയുടെ വീഴ്ചകള്‍ക്കുമെതിരെ വിമര്‍ശനവുമായി ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളി സംഘടനകളും. കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പുകളോ അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളോ ഇല്ലാതെ തീരദേശവാസികളെ മരണത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ആരോപിച്ചു.

പ്രകൃതി ദുരന്തങ്ങളും കടലാക്രമണങ്ങളും പതിവായിട്ടും 2018 ലെ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദേഹം പറഞ്ഞു. അപകട മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സമയങ്ങളില്‍ കടലില്‍ പോകാതിരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം അല്ലെങ്കില്‍ ആശ്വാസ ധനസഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഉപജീവന മാര്‍ഗം അടയുമ്പോഴാണ് ഭീഷണി വകവെക്കാതെ ഇവര്‍ കടലിലിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്.

മുതലപ്പൊഴി പോലുള്ള അപകട മേഖലകളില്‍ വെളിച്ചവും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നതില്‍ ഫിഷറീസ് വകുപ്പ് വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ഫാ. യൂജിന്‍ പെരേര, കാണാതായവര്‍ക്കായി അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. മഴക്കാലത്ത് വറുതിയിലാകുന്ന തീരദേശത്തെ ജീവിതങ്ങളെ സംരക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ഡോ. ആന്റണി വാലുങ്കലും വ്യക്തമാക്കി.

അതേസമയം അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ സ്വന്തം ഹെലികോപ്റ്റര്‍ സംവിധാനം അടിയന്തരമായി പ്രയോജനപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും അടിയന്തര സഹായം സമയബന്ധിതമായി ലഭിക്കാത്തത് ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുന്നുണ്ടെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.