വടകര: വടകര എംഡിഎംഎ കേസിലെ പ്രധാന കണ്ണിയായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജില്‍ കുര്യാക്കോസ് മയക്കുമരുന്ന് ശൃംഖലകളുടെ കേന്ദ്രബിന്ദുവാണെന്നതില്‍ കൂടുതല്‍ തെളിവുകള്‍. വടകര കേസിന് പുറമേ പയ്യോളിയില്‍ രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസിലും ജിജിലിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമായതോടെ പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ഇയാളെ പ്രതിചേര്‍ത്ത് കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ അനുമതിയോടെ പയ്യോളി പൊലീസ് ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങി ജിജിലിനെ വീണ്ടും ചോദ്യം ചെയ്യും.
മെയ് 20 ന് തുറശേരിക്കടവിലെ തെക്കെ നെല്ലിക്കുന്നുമ്മല്‍ മുഹമ്മദ് ഇര്‍ഫാനില്‍ (26) നിന്ന് 13.56 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലാണ് ജിജിലിന്റെ പങ്ക് വിണ്ടും പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇര്‍ഫാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച പഴ്‌സിനുള്ളില്‍ നിന്നാണ് പൊലീസ് ലഹരി മരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ ഡിജിറ്റല്‍ സാമ്പത്തിക അന്വേഷണത്തില്‍ ഇര്‍ഫാന്‍ ബാങ്ക് അക്കൗണ്ട് വഴി ജിജിലിന് തുക അയച്ച് നല്‍കിയതിന്റെ ബാങ്ക് വിവരങ്ങളും തെളിവുകളും പൊലീസിന് ലഭിച്ചു. ജിജിലിന് പണം കൈമാറിയ ശേഷമാണ് ഇര്‍ഫാന് ലഹരി വസ്തുക്കള്‍ ലഭ്യമായത്.
ജിജിലിന്റെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കേവലം ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണമിടപാടുകളില്‍ ബഹുഭൂരിഭാഗവും മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്ന് സമാഹരിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വടകര കേസില്‍ നേരത്തെ അറസ്റ്റിലായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരുമായും ജിജിലിന് വന്‍തോതില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസിന് നേരത്തെ തന്നെ വിവര ലഭിച്ചിരുന്നു.
ജിജിലും വയനാട് സ്വദേശി ഷിന്റോയും മംഗളൂരുവില്‍ വിദ്യാര്‍ഥികളായിരിക്കെയാണ് പരിചയപ്പെടുന്നത്. വ്യത്യസ്ത കോഴ്‌സുകളില്‍ പഠിച്ചിരുന്ന ഇരുവരും തമ്മിലുള്ള സൗഹൃദമാണ് പിന്നീട് വലിയ ലഹരി വ്യാപാരത്തിലേക്ക് വഴിമാറിയത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട നിയമനടപടികളും പ്രശ്‌നങ്ങളും കാരണമാണ് ഷിന്റോയ്ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതെന്നും വ്യക്തമായിട്ടുണ്ട്.
പയ്യോളിയിലേത് ഉള്‍പ്പെടെ മേഖലയിലെ നിരവധി ലഹരി സംഘങ്ങള്‍ക്ക് പിന്നില്‍ ജിജിലിന്റെ സാന്നിധ്യമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജില്ലയില്‍ അടുത്ത കാലത്തായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ എംഡിഎംഎ കേസുകളിലും തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലഹരിയുടെ പ്രധാന ഉറവിടം, അതിനായി ഉപയോഗിച്ച സാമ്പത്തിക സ്രോതസുകള്‍, വടകര കേസിലെ പ്രതികളുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ എന്നിവയെല്ലാം വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.