10 വര്‍ഷത്തിനിടെ കടല്‍ കവര്‍ന്നത് 469 ജീവനുകള്‍; 47000 ത്തിലധികം പേര്‍ക്ക് രക്ഷാകരമേകി മറൈന്‍ ഫിഷറീസ്

10 വര്‍ഷത്തിനിടെ കടല്‍ കവര്‍ന്നത് 469 ജീവനുകള്‍; 47000 ത്തിലധികം പേര്‍ക്ക് രക്ഷാകരമേകി മറൈന്‍ ഫിഷറീസ്

കൊച്ചി: കടല്‍ക്ഷോഭത്തിലും വിവിധ അപകടങ്ങളിലുംപെട്ട് കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 469 മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടതായി ഫിഷറീസ് വകുപ്പ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കടലില്‍ കാണാതാകുന്നവര്‍ക്കായുള്ള തിരച്ചില്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയെച്ചൊല്ലി വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.

അപകടങ്ങളില്‍പ്പെട്ട 160 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. തീരദേശത്ത് ആശങ്ക വര്‍ധിക്കുമ്പോഴും സംസ്ഥാന മറൈന്‍ ഫിഷറീസ് റെസ്‌ക്യൂ പദ്ധതിയുടെ സമയോചിതമായ ഇടപെടലുകള്‍ പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് തിരികെപ്പിടിച്ചത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ നടപ്പിലാക്കിയ 5072 സമുദ്ര രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ 47773 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തീരത്തെത്തിക്കാന്‍ റെസ്‌ക്യൂ ടീമിന് സാധിച്ചു.

സമീപകാല വര്‍ഷങ്ങളിലാണ് കടലിലെ മരണ നിരക്കില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 2025-26 കാലയളവിലാണ്. ഈ കാലയളവില്‍ മാത്രം 55 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തൊട്ടുമുന്‍പുള്ള 2023-24 വര്‍ഷത്തില്‍ 54 മരണങ്ങളും 2024-25 വര്‍ഷത്തില്‍ 49 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായത് ഓഖി ദുരന്തം വിതച്ച 2017-18 കാലയളവിലാണ്. അന്ന് 29 പേരെ കാണാതായപ്പോള്‍ 2016-17, 2021-22 വര്‍ഷങ്ങളില്‍ 26 പേരെ വീതവും കാണാതായിട്ടുണ്ട്.

അതേസമയം കടല്‍ സുരക്ഷ ശക്തമാക്കുന്നതില്‍ റെസ്‌ക്യൂ ടീം നിര്‍ണായക നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. 2025-26 വര്‍ഷത്തില്‍ നടന്ന 560 രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ 6556 പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത് 2023-24 കാലയളവിലാണ്. അക്കൊല്ലം നടപ്പിലാക്കിയ 618 റെസ്‌ക്യൂ ഓപ്പറേഷനുകളിലൂടെ 5741 പേരെയാണ് സുരക്ഷിതരാക്കിയത്. 2022-23 വര്‍ഷത്തില്‍ 602 ദൗത്യങ്ങളിലായി 5902 പേര്‍ക്ക് ജീവന്‍ തിരികെ നല്‍കാനും ഫിഷറീസ് വകുപ്പിന്റെ രക്ഷാസേനയ്ക്ക് കഴിഞ്ഞു.

കടലില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള തിരച്ചില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നുമുള്ള തീരദേശ വാസികളുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഈ വിവരശേഖരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.