പെരിയാര്‍ കടുവാ സങ്കേതത്തില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്നാട് സംഘം; മുല്ലപ്പെരിയാര്‍ കനാലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി

പെരിയാര്‍ കടുവാ സങ്കേതത്തില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്നാട് സംഘം; മുല്ലപ്പെരിയാര്‍ കനാലിന്റെ ദൃശ്യങ്ങള്‍  പകര്‍ത്തി

ദൃശ്യങ്ങള്‍ തമിഴ്നാട് പെരിയകുളം എംഎല്‍എയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തു.

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ വനം വകുപ്പിന്റെയോ പോലീസിന്റെയോ അനുമതിയില്ലാതെ തമിഴ്നാട് സംഘം ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തി. മുല്ലപ്പെരിയാര്‍ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങളാണ് സംഘം നിയമ വിരുദ്ധമായി ചിത്രീകരിച്ചത്.

കഴിഞ്ഞ ദിവസം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്നാട് ഉയര്‍ത്തിയപ്പോഴായിരുന്നു സംഭവം. അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതിനോടനുബന്ധിച്ച് തമിഴ്നാട്ടിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. ഈ സംഘത്തോടൊപ്പം എത്തിയവരാണ് പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ആകാശ ദൃശ്യങ്ങള്‍ അനധികൃതമായി ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയത്.

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കടുവ സങ്കേതത്തിനുള്ളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള തമിഴ്നാട് സംഘത്തിന്റെ നടപടിക്കെതിരെ കേരള വനം വകുപ്പ് നിയമനടപടിക്കൊരുങ്ങുകയാണ്.

അനധികൃതമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ തമിഴ്നാട് പെരിയകുളം എംഎല്‍എയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് അതീവ സുരക്ഷാ മേഖലയില്‍ തമിഴ്നാട് സംഘം ഡ്രോണ്‍ പറത്തിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ അധീനതയിലുള്ള കടുവാ സങ്കേതത്തിലും അണക്കെട്ട് പരിസരത്തും അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെയും സമാനമായ രീതിയില്‍ തമിഴ്നാട് അധികൃതര്‍ വനമേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ സര്‍വേകളോ നടത്തുമ്പോള്‍ കേരള വനംവകുപ്പ് മൗനം പാലിക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.