കോഴിക്കോട്: പണം നല്‍കിയാല്‍ ഓണററി ഡോക്ടറേറ്റുകളും അക്കാദമിക് ബിരുദങ്ങളും വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുന്ന വ്യാജ നെറ്റ്വര്‍ക്ക് കേരളത്തില്‍ സജീവമാകുന്നു. മണിപ്പൂര്‍ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ഡോക്ടറേറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിന്റെ വലയില്‍ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ സാമൂഹിക പ്രവര്‍ത്തകരും കുടുങ്ങിയിട്ടുണ്ട്. സര്‍വകലാശാലാ അധികൃതരുടെ നാമനിര്‍ദേശമോ നിയമപരമായ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെ തന്നെ, ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ ഡോക്ടറേറ്റ് നല്‍കാമെന്നാണ് സംഘത്തിന്റെ വാഗ്ദാനം.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സമിതി എന്ന വ്യാജ പേരിലാണ് തട്ടിപ്പുകാര്‍ ഇരകളെ സമീപിക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയ്ക്ക് ലഭിച്ച ഫോണ്‍ കോളിലൂടെയാണ് ഈ വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. അപേക്ഷകരുടെ ബയോഡാറ്റ, അവാര്‍ഡ് വിവരങ്ങള്‍, ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ നല്‍കിയാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതും മറ്റ് സര്‍വകലാശാലാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുമെല്ലാം സമിതി തന്നെ നേരിട്ട് ചെയ്തുകൊള്ളുമെന്നാണ് ഇവര്‍ വിശ്വസിപ്പിച്ചിരുന്നത്.
ഇരകളുടെ വിശ്യാസ്യത നേടിയെടുക്കാന്‍ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു തട്ടിപ്പ് ആസൂത്രണ ചെയ്തത്. സര്‍വീസില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രമുഖ മലയാളി പ്രൊഫഷണലുകള്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. സംശയം ഒഴിവാക്കാന്‍ കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തകയില്‍ നിന്ന് പണം വാങ്ങാതെയും, പകരം മറ്റുള്ളവരില്‍ നിന്ന് വന്‍ തുക സമാഹരിക്കുകയുമായിരുന്നു സംഘത്തിന്റെ ശൈലി. അപേക്ഷിച്ച് അഞ്ച് മാസത്തിനകം സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഡോക്ടറേറ്റ് നല്‍കുകയും കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരത്ത് ഗംഭീര ബിരുദദാനച്ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചടങ്ങില്‍ മണിപ്പൂര്‍ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എത്തിയ വ്യക്തിയെ ഡല്‍ഹി സര്‍വകലാശാലയുടെ ചെയര്‍മാന്‍ എന്നാണ് സംഘാടകര്‍ പരിചയപ്പെടുത്തിയത്. മണിപ്പൂര്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് ഒഴിവില്ലാത്തതിനാലാണ് ഇദേഹം എത്തിയതെന്ന വിചിത്രമായ ന്യായീകരണവും സംഘം നല്‍കി. ചടങ്ങ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ട് തട്ടിപ്പ് സംഘം അപ്രത്യക്ഷരാവുകയായിരുന്നു.
അതേസമയം വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ക്ക് സര്‍വകലാശാലകള്‍ സ്വമേധയാ നല്‍കുന്ന പരമോന്നത ബഹുമതിയായ ഓണററി ഡോക്ടറേറ്റ് പണം നല്‍കി സ്വന്തമാക്കാന്‍ സാധിക്കുന്ന ഒന്നല്ല. മണിപ്പൂര്‍ സര്‍വകലാശാലാ നിയമപ്രകാരം അക്കാദമിക് കൗണ്‍സിലിന്റെ ശുപാര്‍ശയും എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും വിസിറ്ററുടെ അന്തിമ അനുമതിയും ലഭിച്ചാല്‍ മാത്രമേ ഡോക്ടറേറ്റ് പ്രഖ്യാപിക്കാനാകൂ. പുറത്തുള്ള ഒരു ഏജന്‍സിക്കും ഇതില്‍ ഇടപെടാന്‍ നിയമപരമായ അവകാശമില്ലെന്നും ഇത്തരം വ്യാജ ബഹുമതികളുടെ ചതിക്കുഴികളില്‍ വീഴരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.