കാൻബറ: ഓസ്‌ട്രേലിയയിൽ ലൈംഗിക അതിക്രമങ്ങൾക്കും ലിംഗ അസമത്വത്തിനും എതിരേ പ്രക്ഷോഭവുമായി പതിനായിരക്കണക്കിന് സ്ത്രീകൾ തെരുവിലിറങ്ങി. ഓസ്‌ട്രേലിയയിലെ പാർലമെൻ്റ് കേന്ദ്രീകരിച്ച് അടുത്തിടെ ഉയർന്ന ലൈംഗിക പീഡന ആരോപണത്തെത്തുടർന്നാണ് കാൻബറ, സിഡ്നി ഉൾപ്പെടെ നാൽപതോളം ഓസ്‌ട്രേലിയൻ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.
മാർച്ച് 4 ജസ്റ്റിസ് എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രകടനം.
കറുത്ത വസ്ത്രം ധരിച്ച പ്രകടനക്കാർ പാർലമെന്റ് മന്ദിരത്തിന് പുറത്ത് തടിച്ചു കൂടി. 'നിങ്ങൾ ശ്രദ്ധിക്കുന്നില്ല', നിങ്ങൾക്ക് എത്ര ഇരകളെ അറിയാം?', ഞാൻ അവളെ വിശ്വസിക്കുന്നു' എന്നിങ്ങനെയെഴുതിയ പ്ലാക്കാർഡുകളും ഉയർത്തിപ്പിടിച്ചു.
1988-ൽ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് അറ്റോർണി ജനറൽ ക്രിസ്ത്യൻ പോർട്ടർ ഈ മാസം അദ്യം രംഗത്തുവന്നത് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു..
2019 -ൽ മന്ത്രിയുടെ ഓഫീസിൽ വച്ച് താൻ പീഡനത്തിനിരയായതായി മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് ബ്രിട്ടനി ഹിഗ്ഗിൻസ് ഫെബ്രുവരിയിൽ നടത്തിയ വെളിപ്പെടുത്തലോടെ ജന രോഷം ശക്തമായി. ആരോപണങ്ങളിന്മേലുള്ള സർക്കാർ പ്രതികരണം അപര്യാപ്തമാണെന്ന് പ്രതിഷേധക്കാർ പറയുന്നു.
ഓസ്‌ട്രേലിയയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ സമൂഹത്തിൽ എതിർക്കപ്പെടുന്നില്ലെന്ന് പാർലമെൻ്റ് മന്ദിരത്തിനു മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരോടു ബ്രിട്നി ഹിഗ്ഗിൻസ് പറഞ്ഞു. ആരോപണങ്ങൾ സ്കോട്ട് മോറിസൺ നേതൃത്വം നൽകുന്ന സർക്കാരിനെ സമ്മർദത്തിലാഴ്ത്തിയിരിക്കുകയാണ്.