വത്തിക്കാൻ സിറ്റി: ആഭ്യന്തരയുദ്ധത്തിന്റെ പത്താം വാർഷികത്തിലെത്തിയ സിറിയയിൽ സമാധാനത്തിനായി വീണ്ടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. സംഘർഷം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടായിരിക്കുന്നു. കണക്കില്ലാത്ത വിധം ആളുകൾ മരിച്ചു. ദശലക്ഷങ്ങൾ പലായനം ചെയ്തു. ആയിരങ്ങളെ കാണാതായി. എല്ലാവിധ അക്രമത്തിനും നാശത്തിനും സിറിയൻ ജനത ഇരയായി. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംഘർഷം അവസാനിപ്പിച്ച് ജനങ്ങൾ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നു മാർപാപ്പ പറഞ്ഞു.
അറബ് വസന്തത്തിന്റെ ഭാഗമായി സിറിയൻ ജനത 2011 മാർച്ച് 15ന് ബഷാർ അൽ അസാദ് ഭരണകൂടത്തിനെതിരേ ആരംഭിച്ച പ്രതിഷേധം പിന്നീട് ആഭ്യന്തരയുദ്ധത്തിൽ കലാശിക്കുകയായിരുന്നു. അമേരിക്കയും റഷ്യയും അടക്കമുള്ള പാശ്ചാത്യശക്തികളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമെല്ലാം സംഘർഷത്തിന്റെ ഭാഗമായി.