ജെറുസലേം: ഇസ്രയേലിൽ കന്യാസ്ത്രീക്ക് നേരെ ആക്രമണം നടത്തിയ പ്രതിക്ക് മാനസികാരോഗ്യ ചികിത്സയ്ക്ക് ഉത്തരവിട്ട് കോടതി. ആക്രമണ സമയത്ത് പ്രതി മാനസികരോഗാവസ്ഥയിലായിരുന്നുവെന്ന ജില്ലാ സൈക്യാട്രിസ്റ്റിന്റെ വിലയിരുത്തൽ പരിഗണിച്ചാണ് ജെറുസലേം മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഒഫിർ ടിഷ്‌ലർ, യോന ഷ്രൈബറെ കുറ്റവിമുക്തനാക്കിയത്. പ്രമുഖ ക്രൈസ്തവ വാർത്താ മാധ്യമമായ ഇഡബ്ല്യുടിഎന്‍ ന്യൂസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 28 നായിരുന്നു ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ഫ്രഞ്ച് ബൈബിൾ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ സേവനം ചെയ്തുവരികയായിരുന്ന കന്യാസ്ത്രീക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ സംഭവത്തിൽ കന്യാസ്ത്രീയുടെ മുഖത്തിന് പരിക്കേറ്റിരുന്നു.
ആക്രമണത്തിന് പിന്നിൽ വംശീയ ലക്ഷ്യങ്ങളുണ്ടോ എന്ന് പോലീസ് അന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കിഴക്കൻ ജെറുസലേമിലെ വിവിധ പള്ളികളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും സേവനം അനുഷ്ഠിച്ചു വരുന്നുണ്ട്.
രാജ്യത്ത് ക്രൈസ്തവ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ ഇത്തരം അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസിലാണ് ഇപ്പോൾ കോടതിയുടെ വിധി വന്നിരിക്കുന്നത്.