വിശ്വാസത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട ഇറാനിയൻ ക്രിസ്ത്യൻ യുവതിക്ക് കാനഡയുടെ അഭയം; ആശ്വാസമായി മനുഷ്യാവകാശ ഇടപെടൽ

വിശ്വാസത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട ഇറാനിയൻ ക്രിസ്ത്യൻ യുവതിക്ക് കാനഡയുടെ അഭയം; ആശ്വാസമായി മനുഷ്യാവകാശ ഇടപെടൽ

ഒട്ടാവ: ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ സ്വന്തം രാജ്യത്ത് ജീവന് ഭീഷണി നേരിടുകയും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് നാടുകടത്തപ്പെടുകയും ചെയ്ത ഇറാനിയൻ യുവതിക്ക് കാനഡ അഭയം നൽകി. കടുത്ത മതപീഡനം ഭയന്ന് അഭയം തേടിയെത്തിയ 27 കാരിയായ ആർട്ടെമിസ് ഖാസിംസാദെയ്ക്കാണ് മാനുഷിക പരിഗണന മുൻനിർത്തി കാനഡ അഭയാർഥി പദവി അനുവദിച്ചിരിക്കുന്നത്.

ഇറാനിലെ രഹസ്യ വീട്ടുസഭകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആർട്ടെമിസും സഹോദരനും ഇസ്ലാമിക ഭരണകൂടത്തിന്റെ കഠിനമായ പീഡനങ്ങളെത്തുടർന്നാണ് രാജ്യം വിടാൻ നിർബന്ധിതരായത്. തുടർന്ന് മെക്സിക്കൻ അതിർത്തി വഴി യുഎസിലേക്ക് കടന്ന് അഭയം ചോദിച്ചെങ്കിലും യുഎസ് അധികൃതർ ഇവരെ കസ്റ്റഡിയിലെടുക്കുകയും സെൻട്രൽ അമേരിക്കൻ രാജ്യമായ പനാമയിലേക്ക് നാടുകടത്തുകയും ചെയ്യുകയായിരുന്നു.

തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കാനുള്ള നിയമപരമായ അവകാശം പോലും തടഞ്ഞുകൊണ്ടാണ് യുഎസ് തന്നെ നാടുകടത്തിയതെന്ന് ആർട്ടെമിസ് പിന്നീട് ആരോപിച്ചിരുന്നു.

ഇറാനിലേക്ക് തിരിച്ചയക്കപ്പെട്ടാൽ ക്രൂരമായ പീഡനത്തിനോ മരണശിക്ഷയ്ക്കോ ഇരയായേക്കാവുന്ന അതിഗുരുതരമായ സാഹചര്യമാണ് ഇവർക്ക് മുന്നിലുണ്ടായിരുന്നത്. പനാമയിൽ താൽക്കാലിക വിസയിൽ കഴിഞ്ഞിരുന്ന ആർട്ടെമിസിന് കാനഡയുടെ ഇടപെടൽ വലിയൊരു പ്രത്യാശയാണ് നൽകിയിരിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെയും അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനകളുടെയും നിരന്തരമായ ഇടപെടലുകളും ശക്തമായ സമ്മർദവുമാണ് ആർട്ടെമിസിന് കാനഡയിൽ അഭയം ലഭിക്കുന്നതിന് വഴിയൊരുക്കിയത്.

ഇസ്‌ലാം മതത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറുന്നത് ഇറാന്റെ കർശനമായ നിയമപ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഈ സാഹചര്യത്തിൽ തനിക്ക് യാതൊരു ഭയവുമില്ലാതെ തന്റെ വിശ്വാസം പിന്തുടരാനും സമാധാനത്തോടെ ജീവിക്കാനും കാനഡ അവസരമൊരുക്കിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ആർട്ടെമിസ് പ്രതികരിച്ചു.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നവർക്ക് കാനഡ ഒരുതവണ കൂടി അഭയ കേന്ദ്രമായി മാറുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ അതിജീവിതയുടെ കഥ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.