മാപുട്ടോ: ഭീകരര്‍ തങ്ങളുടെ കുഞ്ഞുമക്കളെ തലയറുത്തു കൊന്നത് കണ്‍മുന്നില്‍ നിസഹായരായി കാണേണ്ടി വന്ന ആഘാതത്തിലാണ് മൊസാംബിക്കിലെ അമ്മമാര്‍. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടനയോടു പങ്കുവച്ചതോടെയാണ് ഐഎസ് ഭീകരരുടെ അവസാനിക്കാത്ത ക്രൂരതകളുടെ മറ്റൊരു കഥ കൂടി ലോകമറിഞ്ഞത്. മൊസാംബിക്കിലെ വടക്കന്‍ പ്രവിശ്യയായ കാബോ ഡെല്‍ഗഡോയിലാണ് കുട്ടികളെ ഇസ്ലാമിക തീവ്രവാദികള്‍ (ഐ.എസ്) ശിരഛേദം ചെയ്യുന്നതായി സന്നദ്ധ സംഘടന വെളിപ്പെടുത്തിയത്. 11, 12 വയസു മാത്രം പ്രായമുള്ള കുട്ടികളെയാണ് ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടികളുടെ അമ്മമാരാണ് സംഘടനയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
മക്കള്‍ക്കൊപ്പം ഒളിച്ചിരിക്കുമ്പോള്‍ 12 വയസുള്ള മൂത്ത മകനെ പിടിച്ചു കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയത് നിസഹായയായി നോക്കി നില്‍ക്കേണ്ടി വന്നുവെന്ന് എല്‍സ എന്ന സ്ത്രീ സംഘടനയോടു പറഞ്ഞു. പ്രദേശത്ത് 2017-ല്‍ തീവ്രവാദ ആകമണങ്ങള്‍ ആരംഭിച്ചതുമുതല്‍ 2,500 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 700,000 പേര്‍ വീടുകളില്‍നിന്ന് പലായനം ചെയ്യുകയും ചെയ്തു.
സേവ് ദി ചില്‍ഡ്രന്‍ സംഘടന കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളോട് സംസാരിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പുറത്തറിഞ്ഞത്. അന്നു രാത്രി ഭീകരര്‍ ഞങ്ങളുടെ ഗ്രാമം ആക്രമിക്കുകയും വീടുകള്‍ കത്തിക്കുകയും ചെയ്തു,'' എല്‍സ പറഞ്ഞു. കലാപം ആരംഭിച്ചപ്പോള്‍, ഞാന്‍ എന്റെ നാല് മക്കള്‍ക്കൊപ്പം വീട്ടിലായിരുന്നു. ഞങ്ങള്‍ കാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ അവര്‍ എന്റെ മൂത്ത മകനെ പിടിച്ച് ശിരഛേദം ചെയ്തു. എനിക്ക് ഒന്നും ചെയ്യാനായില്ല., മറ്റു മക്കളെയെങ്കിലും രക്ഷിക്കണമായിരുന്നു - കണ്ണീരോടെ എല്‍സ പറഞ്ഞു.
മറ്റൊരു സ്ത്രീ അമേലിയയും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പറഞ്ഞു. നാലു മക്കള്‍ക്കൊപ്പം പലായനം ചെയ്യുമ്പോള്‍ 11 വയസുള്ള മൂത്ത മകന്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. 'മകന്‍ കൊല്ലപ്പെട്ടതിനുശേഷം ഈ ഗ്രാമത്തില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അടുത്തുള്ള ഗ്രാമത്തിലുള്ള എന്റെ പിതാവിന്റെ വീട്ടിലേക്ക് ഓടിപ്പോയി. പക്ഷേ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവിടെയും ആക്രമണം ആരംഭിച്ചു'അവര്‍ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്ന അമ്മമാര്‍ നേരിട്ട കഥകള്‍ കരളലയിക്കുന്നതായിരുന്നെന്ന്‌മൊസാംബിക്കിലെ സേവ് ദി ചില്‍ഡ്രന്‍സ് കണ്‍ട്രി ഡയറക്ടര്‍ ചാന്‍സ് ബ്രിഗ്സ് പറഞ്ഞു. 'ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ ആഘാതത്തില്‍നിന്ന് കരകയറ്റാന്‍ അവരെ പിന്തുണയ്ക്കുകയും പുന:രധിവസിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
കാബോ ഡെല്‍ഗഡോയില്‍ നിരവധി പേരാണ് തീവ്രവാദ അക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ ഇവിടുത്തെ ഒരു ഫുട്ബോള്‍ ഗ്രൗണ്ടില്‍ വച്ച് അന്‍പതിലധികം ആളുകളെ തലയറുത്തു കൊന്നിരുന്നു. കലാപം അവസാനിപ്പി മൊസാംബിക്ക് സര്‍ക്കാര്‍ അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.അതേ സമയം ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള യുഎന്‍ നിലപാടിനെ വത്തിക്കാന്‍ വിമര്‍ശിച്ചു. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിന്റെ നിലപാട് അന്താരാഷ്ട്ര സമൂഹത്തെ ധ്രുവീകരിക്കാന്‍'' സാധ്യതയുണ്ടെന്ന് വത്തിക്കാന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടു. മത വിദ്വേഷം, വിവേചനം, പീഡനം തുടങ്ങി മുസ്ലിംകള്‍ക്കെതിരായ എല്ലാ നടപടികളെയും'' വത്തിക്കാന്‍ അപലപിക്കുമ്പോള്‍, മറ്റു മത വിഭാഗങ്ങള്‍ നേരിടുന്ന ആക്രമണങ്ങള്‍ കൂടി യു.എന്‍ ഉയര്‍ത്തിക്കാട്ടണമൈന്ന് വത്തിക്കാന്‍ അഭിപ്രായപ്പെട്ടു.