വാഷിങ്ടണ്‍: ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് (IAEA) അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഇറാനെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഐഎഇഎ ബോര്‍ഡ് പ്രമേയം പാസാക്കി. 35 അംഗ ബോര്‍ഡില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രമേയത്തെ 23 രാജ്യങ്ങള്‍ അനുകൂലിച്ചു. റഷ്യ, ചൈന, നൈജര്‍ എന്നി രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ എട്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഐഎഇഎയുടെ നടപടിയെ പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വിശേഷിപ്പിച്ച് ഇറാന്റെ യുഎന്നിലെ സ്ഥിരം ദൗത്യസംഘം ശക്തമായി അപലപിച്ചു. വിഷയത്തില്‍ ഐഎഇഎ പരിശോധനകളുമായി സഹകരിക്കുന്നതില്‍ ഇറാന്‍ വീഴ്ച വരുത്തിയെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളാണ് പരിശോധന തടസപ്പെടാന്‍ കാരണമെന്നും ചൈന, റഷ്യ, ഇറാന്‍ എന്നി രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ ചൈനയ്ക്കും റഷ്യയ്ക്കും വീറ്റോ അധികാരമുള്ളതിനാല്‍ ഇറാനെതിരെ എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്നത് അനിശ്ചിതത്വത്തിലാണ്.
അതേസമയം ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് വിതരണ ശൃംഖലയില്‍ ഉണ്ടായ തടസങ്ങള്‍ കാരണം യൂറോപ്പിലെ വാതക വില കുതിച്ചുയര്‍ന്നു. യൂറോപ്പിലെ വാതക വില മെഗാവാട്ട് മണിക്കൂറിന് 80 യൂറോ കടന്നത് 2023 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ശീതകാലം അടുത്തെത്തിയിട്ടും വാതക സംഭരണ ശേഖരം താഴ്ന്ന നിലയിലായതും വിതരണ പ്രതിസന്ധിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.