വാഷിങ്ടണ്‍: യമനിലെ ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തണമെന്ന സൗദി അറേബ്യയുടെ ആവശ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്.
ഇതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനെ രണ്ടു തവണ ബന്ധപ്പെട്ടെങ്കിലും അദ്ദേഹമത് തള്ളിക്കളഞ്ഞതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹോര്‍മുസ് പോലെ തന്നെ നിര്‍ണായക ചരക്കു പാതയായ ബാബ് അല്‍ മന്ദേബ് കടലിടുക്കിനുമേല്‍ ഹൂതികള്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സൗദി കിരീടാവകാശി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഹൂതികള്‍ക്കെതിരെ തല്‍ക്കാലം നേരിട്ട് ഇടപെടാന്‍ ട്രംപ് ഭരണകൂടത്തിന് പദ്ധതിയില്ലെന്ന് പറഞ്ഞതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസോ സൗദി സര്‍ക്കാരോ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. അന്താരാഷ്ട്ര പിന്തുണയുള്ള യമെന്‍ സര്‍ക്കാരില്‍ നിന്ന് ചെങ്കടല്‍ തീരത്തെ തന്ത്രപ്രധാന തുറമുഖനഗരമായ മോഖ ഹൂതി വിമതര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
അതേസമയം, നേരിട്ടുള്ള സൈനിക ഇടപെടല്‍ നടത്തിയില്ലെങ്കിലും ഹൂതികള്‍ക്കെതിരായ നീക്കത്തിന് യുഎസ് സൗദിക്ക് പിന്തുണനല്‍കുന്നതായാണ് വിവരം. അടിയന്തര ഏകോപന ചര്‍ച്ചകള്‍ക്കായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ വ്യാഴാഴ്ച സൗദി അറേബ്യ സന്ദര്‍ശിച്ചതായും ആക്‌സിയോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ സേനയുടെ ശ്രദ്ധ ഇറാനിലും ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷണത്തിലും മാത്രമായി നിലനിര്‍ത്തണമെന്ന് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോര്‍മുസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു സംഘര്‍ഷത്തിലേക്ക് നേരിട്ട് കടക്കുന്നതിന് ട്രംപ് വിമുഖത കാണിച്ചിരിക്കുന്നത്.
എന്നാല്‍ ഹൂതികള്‍ക്കെതിരെയുള്ള സൈനിക നീക്കത്തിന് സൗദി അറേബ്യയ്ക്ക് രഹസ്യാന്വേഷണ സഹായവും പിന്തുണയും നല്‍കാനായി നൂറിലധികം അമേരിക്കന്‍ സൈനിക ഉപദേശകര്‍ സൗദിയിലുണ്ടെന്ന് മറ്റൊരു അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദിക്കെതിരായ ഹൂതികളുടെ നീക്കത്തിന് ഇറാന്‍ സഹായം നല്‍കുന്ന പശ്ചാത്തലത്തില്‍ പുതുതായി സ്ഥാപിതമായ സംയുക്ത സേനാ കമാന്‍ഡിന്റെ ഭാഗമായാണ് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ അവിടെ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 200 സൈനികര്‍ ഇത്തരത്തില്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
സൗദി അറേബ്യയുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും വ്യോമാക്രമണങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. സൗദിയുടെ സൈനിക നീക്കങ്ങള്‍ സുഗമമായും പ്രൊഫഷണലായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ മാത്രമാണ് ഈ ശ്രമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതെല്ലാം യുഎസിന്റെ പ്രാദേശിക സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് യുഎസ് ഇതിനകം നല്‍കി വന്നിരുന്ന മുന്‍കാല സഹകരണത്തിന്റെയും പരിശീലനത്തിന്റെയും തുടര്‍ച്ചയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2022 ല്‍ വെടിനിര്‍ത്തലുണ്ടായ ശേഷം ഹൂതികള്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് മോഖ നഗരം പിടിച്ചെടുത്തത്. യമെന്‍ സര്‍ക്കാര്‍ അനുകൂലസേന ഹൂതികളുടെ മുന്നേറ്റം തടയാന്‍ വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
തായിസ്, ഹൊദൈദ, മാരിബ് തുടങ്ങിയ പ്രദേശങ്ങളിലും സംഘര്‍ഷം തുടരുകയാണ്. ഇറാന്‍, ലെബനന്‍, ഗാസ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളാല്‍ പശ്ചിമേഷ്യ പുകയുന്നതിനിടെയാണ് യമെനും കൂടുതല്‍ അസ്ഥിരമാകുന്നത്.
ഒരുപതിറ്റാണ്ടിലേറെയായി ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാണ് യമെന്‍. 2014 ല്‍ ഹൂതികള്‍ തലസ്ഥാനമായ സനാ പിടിച്ചതോടെയാണ് അന്താരാഷ്ട്ര പിന്തുണയുള്ള സര്‍ക്കാര്‍ അവരുടെ സംവിധാനങ്ങള്‍ തെക്കോട്ടു മാറ്റിയത്.
തെക്കന്‍ തുറമുഖ നഗരമായ ഏദന്‍ കേന്ദ്രീകരിച്ച് സൗദിയുടെയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുടെയും പിന്തുണയോടെയാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ആഭ്യന്തര യുദ്ധത്തില്‍ യമെനില്‍ ഏകദേശം 1.5 ലക്ഷം പേര്‍ കൊല്ലപ്പെട്ടിരുന്നു.