അറ്റ്‌ലാന്റ: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവയ്പ്. ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെ എട്ടു പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വെടിയുതിര്‍ത്തതെന്ന് കരുതുന്ന റോബര്‍ട്ട് ആരോണ്‍ ലോങ് എന്ന ഇരുപത്തിയൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അറ്റ്‌ലാന്റയിലെത്തിയ റോബര്‍ട്ട്, മൂന്ന് മസാജ് പാര്‍ലറുകളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാള്‍ തന്നെയാണെന്നാണ് പൊലീസും വ്യക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. എന്നാൽ അക്രമത്തിന്റെ കാരണം വ്യക്തമല്ല.