ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും സംഘര്‍ഷഭരിതമായ ഭൂതകാലം മറന്ന് സഹകരണത്തില്‍ നീങ്ങണമെന്നു പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ കമര്‍ ജാവേദ് ബജ്വ. ഇക്കാര്യത്തില്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബാധ്യത ഇന്ത്യയ്ക്കാണെന്നും സംഘര്‍ഷം അവസാനിപ്പിക്കാന്‍ വാഷിംഗ്ടണ്‍ നിര്‍ണാകയ പങ്കു വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിരമായ സൗഹൃദം ദക്ഷിണ മധ്യേഷ്യയുടെ സാധ്യതകള്‍ തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ സര്‍ക്കാറിന്റെ പുതിയ സുരക്ഷാ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദ്വിദിന സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ബജ്വ. പാകിസ്താനിലെ ദേശീയ സുരക്ഷാ വിഭാഗമാണ് സമ്മേളനം സംഘടിപ്പിച്ചത്.
കാശ്മീര്‍ പ്രശ്‌നം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാവേണ്ടത്. അതിന് ഇന്ത്യ മുന്‍കൈയെടുക്കണം. പ്രധാന പ്രശ്‌നത്തെ അഭിസംബോധന ചെയ്യാതെ ബന്ധം മെച്ചപ്പെടുത്താനുള്ള ഏതൊരു ശ്രമവും ഫലപ്രദമാവില്ല. സമാധാനപരമായി കാശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സംഘര്‍ഷസാധ്യത എന്നും നിലനില്‍ക്കുമെന്ന് ബജ്വ പറഞ്ഞു.
ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തില്‍ പാക്കിസ്ഥാനുമായുള്ള സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അതിനുള്ള ഉത്തരവാദിത്തം പാകിസ്ഥാനാണ്. ചര്‍ച്ചയും ഭീകരതയും ഒരുമിച്ച് കൊണ്ടുപോകാനാവില്ല. ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരേ ഇസ്ലാമാബാദ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.