കോവിഡ്: ഓസ്‌ട്രേലിയയില്‍ ജനസംഖ്യാ വളര്‍ച്ച കുറഞ്ഞതായി ഗവേഷണ ഫലം

കോവിഡ്: ഓസ്‌ട്രേലിയയില്‍ ജനസംഖ്യാ വളര്‍ച്ച കുറഞ്ഞതായി ഗവേഷണ ഫലം

പെര്‍ത്ത്: കോവിഡ് മൂലം ഓസ്‌ട്രേലിയയില്‍ ജനസംഖ്യാ വളര്‍ച്ച 15 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. 2031 ആകുന്നതോടെ ദേശീയ ജനസംഖ്യയില്‍ 1.1 ദശലക്ഷം ആളുകള്‍ കുറവായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ (എ.ബി.എസ്) ഗവേഷണ ഫലങ്ങള്‍ പറയുന്നു.

കോവിഡ് മൂലം കുടിയേറ്റവും അന്താരാഷ്ട്ര യാത്രകളും തടസപ്പെട്ടത് ജനസംഖ്യ വളര്‍ച്ച മന്ദഗതിയിലാകാന്‍ കാരണമായി. ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ചയുടെ 60 ശതമാനവും സംഭവിക്കുന്നത് വിദേശ കുടിയേറ്റത്തിലൂടെയാണ്. കോവിഡ് കാലത്ത്് ഓസ്‌ട്രേലിയയുടെ തലസ്ഥാന നഗരങ്ങളില്‍ നിന്ന് പ്രദേശിക നഗരങ്ങളിലേക്ക് വലിയ തോതില്‍ കുടിയേറ്റമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഓസ്ട്രേലിയയിലെ ദേശീയ ജനസംഖ്യ 29,300 വര്‍ദ്ധിച്ച് 25,687,041 ആയി. 1993 ജൂണിന് ശേഷമുള്ള ഏറ്റവും ചെറിയ ത്രൈമാസ വര്‍ധനയാണിത്. കഴിഞ്ഞ 12 മാസത്തിനിടെ, ജനസംഖ്യ 321,300 ആയി ഉയര്‍ന്നു. അതില്‍ മൂന്നില്‍ രണ്ട് ഭാഗവും കഴിഞ്ഞ മാര്‍ച്ച്, സെപ്റ്റംബര്‍ പാദങ്ങളിലാണു സംഭവിച്ചത്. അന്താരാഷ്ട്ര യാത്രകളും കുടിയേറ്റവും അവസാനിച്ചത് ജനസംഖ്യാ വളര്‍ച്ചയിലും പ്രതിഫലിച്ചു.

സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് ഗവേഷണഫലം വികസിപ്പിച്ചെടുത്തത്. ജനസംഖ്യാ വര്‍ധനയില്‍ കോവിഡിന്റെ സ്വാധീനത്തെക്കുറിച്ചായിരുന്നു പഠനം. അതേസമയം, ഓസ്‌ട്രേലിയയിലെ തലസ്ഥാന നഗരങ്ങളെ അപേക്ഷിച്ച് പ്രാദേശിക ജനസംഖ്യാ വളര്‍ച്ചയെ കോവിഡ് വലിയ തോതില്‍ ബാധിച്ചിട്ടില്ല. താമസത്തിനായി പ്രാദേശിക ഓസ്‌ട്രേലിയയെ ആളുകള്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ തലസ്ഥാന നഗരങ്ങളില്‍ ജനസംഖ്യ കുറഞ്ഞു.

ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ കുറവായതും അന്തര്‍ദ്ദേശീയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം ഹ്രസ്വകാലത്തേക്ക് യുവ കുടിയേറ്റക്കാരെ കുറച്ചതും ദേശീയ ജനസംഖ്യയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്കു വിഘാതമായി. 2031 ല്‍ ഓസ്‌ട്രേലിയയിലെ പൗരന്മാരുടെ ശരാശരി പ്രായം 40 ആയിരിക്കുമെന്നു ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നു. മന്ദഗതിയിലുള്ള ജനസംഖ്യാവളര്‍ച്ചയും പൗരന്മാരുടെ വേഗത്തിലുള്ള വാര്‍ദ്ധക്യവും ഓസ്‌ട്രേലിയയുടെ സാമ്പത്തിക വളര്‍ച്ചയെ നേരിട്ട് ബാധിക്കുമെന്നാണു കരുതുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.