വാഷിങ്ടണ്‍: ഔദ്യോഗിക യാത്രാ വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ കയറുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മൂന്ന് തവണ കാല്‍വഴുതി. പാര്‍ലര്‍ കൂട്ടക്കൊലയുടെ ഭാഗമായി ഏഷ്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അറ്റ്‌ലാന്റയിലേക്ക് പുറപ്പെടുന്നതിനായി തന്റെ വിമാനത്തില്‍ കയറുന്നതിനിടെയാണ് ബൈഡന് കാലിടറയിത്.
ഇതേ തുടര്‍ന്ന് പ്രസിഡന്റിന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാവാന്‍ തുടങ്ങി. എന്നാല്‍ പ്രസിഡന്റ് സുഖമായിരിക്കുന്നു എന്ന് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 78 കാരനായ ജോ ബൈഡന്‍.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിലും ബൈഡന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്കകള്‍ പലരും പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വളര്‍ത്തുനായ മേജറിനൊപ്പം കളിക്കുന്നതിനിടെ ബൈഡന് വലതു കാല്‍മുട്ടിന് പൊട്ടലേല്‍ക്കുകയും ചെയ്തിരുന്നു.